ചവറ തെക്കുംഭാഗം: നിരോധിത ലഹരി വസ്തുക്കള്‍ വിറ്റ കെഎസ്ഇബി ജിവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. തേവലക്കര പുത്തന്‍ സങ്കേതം ചുനക്കാട്ട് വയല്‍ വീട്ടില്‍ നവാസ് (36) നെയാണ് ചവറ തെക്കുംഭാഗം പോലീസും ഡാന്‍സാഫ് അംഗങ്ങളും ചേര്‍ന്ന് പിടി കൂടിയത്.
സ്കൂളുകള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ഥികളെ കണ്ടെത്തി ലഹരി വസ്തുക്കള്‍ വിറ്റഴിക്കുകയായിരുന്നു നവാസിന്റെ പരിപാടിയെന്ന് പോലീസ് പറഞ്ഞു. വിവിധ സ്കൂളുകളിലെ കുട്ടികള്‍ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് സിറ്റി പോലീസ് കമ്മീഷണര്‍ ടി. നാരായണന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡാന്‍ഫാസ് സംഘം നടത്തിയ അന്വേഷണത്തില്‍ നാവാസ് പിടിയിലാവുകയായിരുന്നു. ഇയാളില്‍ നിന്ന് 120 കവര്‍ ലഹരി വസ്തുക്കളും പിടി കൂടി.
തേവലക്കര മേഖലയിലെ വിവിധ സ്കൂളുകള്‍ എന്നിവിടങ്ങളിലെ എട്ട്, ഒന്‍പത്, പത്ത് ക്ലാസിലെ കുട്ടികളെ കേന്ദ്രീകരിച്ചാണ് ലഹരി വസ്തുക്കള്‍ വിറ്റിരുന്നതെന്ന് പോലീസ് പറഞ്ഞു. വിദ്യാര്‍ഥികളുടെ കൈയില്‍ ലഹരി വസ്തുക്കള്‍ കണ്ടതിനെ തുടര്‍ന്ന് വിദ്യാഭ്യാസ സ്ഥാപന മേലധികാരികളുടെ സഹായത്തോടെ വിവരം ശേഖരിച്ച പോലീസ് സംഘം സ്കൂളുകള്‍, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ രഹസ്യമായി നിരീക്ഷണം നടത്തി വരുന്നതിനിടയില്‍ ലൈന്മാനായ നവാസ് വലയിലായത്.
തെക്കുംഭാഗം എസ്ഐ സുജാതന്‍പിള്ള, ഡാന്‍സാഫ് എസ്ഐ ആര്.ജയകുമാര്‍,എ.എസ്ഐ ബൈജു ജെറോം.സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സജു എന്നിവരാണ് അന്വേഷണ സ്ഘത്തിലുണ്ടായിരുന്നത്. ജുവനൈല്‍ ആക്ട്, കോട്പാ ആക്ട് പ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.നവാസിനെ കോടതയില്‍ ഹാജരാക്കി