തലശേരി: തലശേരി നഗരത്തിൽ യുവാക്കാളുടെ അവസരോചിതമായ ഇടപെടലിനെ തുടർന്ന് കഞ്ചാവ് മാഫിയാ തലവൻ പിടിയിൽ. കൂടെയുണ്ടായിരുന്ന രണ്ടു പേർ രക്ഷപ്പെട്ടു. കൂത്തുപറമ്പ് മെരുവന്പായി സ്വദേശി അബ്ദുൾ നാസർ (46) ആണ് പിടിയിലായത്. ഇയാളിൽ നിന്നും പത്തു കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തു.
തലശേരി എ എസ് പി ഡോ.അരവിന്ദ് സുകുമാറിന്റെ നിർദേശം പ്രകാരം റെയിൽവെ സ്റ്റേഷൻ പരിസരത്ത് ഗുഡ് ഷെഡ് റോഡിലെ നാല് യുവാക്കൾ കിലോമീറ്ററ്റുകൾ പിന്തുടർന്ന് നടത്തിയ അതിസാഹസികമായ നീക്കത്തിലാണ് കഞ്ചാവ് മാഫിയ സംഘത്തലവനെ കുടുക്കിയത്. പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ എ എസ് പി യുടെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്തു വരികയാണ്. ആന്ധ്ര പ്രദേശിൽ നിന്ന് ട്രെയിൻ വഴിയാണ് കഞ്ചാവ് തലശേരിയിലെത്തിച്ചതെന്ന് പ്രതി പോലീസിനോട് പറഞ്ഞു.
ഇന്ന് പുലർച്ചെ അഞ്ചരയോടെ ഗുഡ് ഷെഡ് റോഡി പളളി പരിസരത്തു നിന്നാണ് നാടകീയ സംഭവങ്ങളുടെ തുടക്കം. ഡി വൈ എഫ് ഐ നേതാവ് ഹനീഫ എന്ന മുഹമ്മദലിയും സുഹൃത്തുകളായ അമർ, അജ്മൽ, ഷാഫി എന്നിവർ പ്രഭാത നമസ്കാരം കഴിഞ്ഞ് പള്ളിയിൽ നിന്ന് ഇറങ്ങുന്നതിനിടയിൽ തന്റെ ഫോണിന് റെയിഞ്ച് ഇല്ലെന്നും ഒന്നു ഫോൺ തരുമോ എന്നും ചോദിച്ച് നാസർ ഇവരെ സമീപിച്ചു.
ഫോൺ വാങ്ങിയ നാസർ താൻ പള്ളിയിലുണ്ടെന്ന് ആരോടോ വിളിച്ചു പറഞ്ഞ ശേഷം ഫോൺ തിരിച്ചു നൽകി. ഈ സമയം നാസറിന്റെ കയ്യിലുള്ള ബാഗ് ഹനീഫയുടേയും സുഹൃത്തുക്കളുടേയും ശ്രദ്ധയിൽ പെട്ടിരുന്നു. മാത്രവുമല്ല നാസറിനെ കൂട്ടികൊണ്ടു പോകാൻ ഇരു ചക്രവാഹനത്തിലെത്തിയ ആൾ നഗരത്തിലെ ലഹരി മാഫിയ സംഘത്തിലെ കണ്ണിയാണെന്നും ഇവർക്കു മനസിലായി. ഇതോടെ ഹനീഫക്കും സുഹൃത്തുക്കൾക്കും ചില സംശയങ്ങൾ തോന്നി.
ഹനീഫ വിവരം എ എസ് പി ക്ക് കൈമാറി. രണ്ട് പേരെയും പിന്തുടരാനും അതിനിടയിൽ പോലീസ് എത്തുമെന്നും എ എസ് പി യുവാക്കളോട് പറഞ്ഞു. തുടർന്ന് യുവാക്കൾ ഇരുവരേയും ബൈക്കുകളിൽ പിന്തുടരുകയും ധർമടം പോലീസ് സ്റ്റേഷൻ പരിധിയിലെ വടക്കുമ്പാട് കൂളി ബസാർ പുതിയ റോഡിൽ വച്ച് സിനിമ സ്റ്റൈലിൽ നാസറിനെയും സംഘത്തേയും വളയുകയായിരുന്നു.
ഇതിനിടയിൽ പോലീസും സ്ഥലത്തെത്തി. കഞ്ചാവടങ്ങിയ ബാഗ് കൈക്കലാക്കിയ തങ്ങൾ നാസറിനെ പിടികൂടുന്നതിനിടെയാണ് മറ്റുള്ളവർ രക്ഷപെട്ടതെന്ന് ഹനീഫ രാഷ്ട്രദീപികയോട് പറഞ്ഞു. കഞ്ചാവ് വിൽപ്പനക്കാരനെ പിടിച്ച ചിത്രത്തിൽ നിങ്ങളുമുണ്ടല്ലോ പ്രസിദ്ധീകരിച്ചാൽ ഭയമുണ്ടോ എന്ന ചോദ്യത്തിൽ ഒരു ഭയവുമില്ല.. ഇത് ലഹരിക്കെതിരേയുള്ള പോരാട്ടമാണെന്നായിന്നു ഹനീഫയുടെ മറുപടി. കഞ്ചാവ് മാഫിയാ തലവനെ പിടികൂടിയ യുവാക്കളുടെ ഫോണുകളിലിപ്പോൾ നാട്ടിൽ നിന്നും വിദേശങ്ങളിൽ നിന്നുമുള്ള അഭിനന്ദനങ്ങളുടെ കുത്തൊഴുക്കാണ്.