പത്തനംതിട്ട: പ്രതികളുടെ ശീലങ്ങളും രീതികളും അവരെത്തന്നെ കുടുക്കിലാക്കും എന്നതിനു മികച്ച ഉദാഹരണമായി മാറുകയാണ് പത്തനംതിട്ട മല്ലപ്പള്ളി കോട്ടാങ്ങലിൽ യുവതിയെ കാമുകന്‍റെ വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ സംഭവം.
ആത്മഹത്യയല്ല കൊലപാതകമാണെന്നു ചുരുളഴിഞ്ഞ സംഭവത്തിൽ പ്രതിയിലേക്കു സംശയത്തിന്‍റെ മുന നീണ്ടത് യുവതിയുടെ കഴുത്തിൽ കാണപ്പെട്ട കുടുക്കിന്‍റെ പ്രത്യേകതകൊണ്ട്.
ധാരണക്കാരിയായ യുവതി ആത്മഹത്യ ചെയ്യാൻ ഒരിക്കലും ഇത്തരം കുരുക്ക് ഇടാൻ സാധ്യതയില്ലെന്നു പോലീസ് കണ്ടെത്തിയിരുന്നു. ലോക്കൽ പോലീസ് ആത്മഹത്യയെന്ന നിഗമനത്തിൽ എത്തിയ കേസാണ് ക്രൈംബ്രാഞ്ചിന്‍റെ അന്വേഷണത്തിൽ കൊലപാതകമാണെന്നു കണ്ടെത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.
തടിയിലെ കെട്ട്
തടി കെട്ടുന്നവരാണ് സാധാരണ ഇത്തരം കുടുക്കുകൾ ഇടുന്നതെന്നും പോലീസ് അന്വേഷണത്തിൽ മനസിലാക്കി. അതോടെയാണ് സംശയം പ്രതി നസീറിലേക്കു നീണ്ടത്. യുവതിയെ കെട്ടിത്തൂക്കാൻ നസീർ കഴുത്തിലിട്ട കുരുക്ക് മരം മുറിക്കുന്നവരും തടി ലോറിയിൽ കെട്ടുന്നവരും ഉപയോഗിക്കുന്നതിനു തുല്യമായിരുന്നു.
കുടുക്ക് ഉണ്ടാക്കിയവർക്കല്ലാതെ ഇത് അഴിക്കാനും പ്രയാസമാകുന്ന രീതിയിലുള്ള കുടുക്ക് ആണിത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പ്രതാപൻ നായർക്കു തോന്നിയ സംശയമാണ് തടിക്കച്ചവട പശ്ചാത്തലമുള്ള വ്യക്തികളിലേക്ക് അന്വേഷണം തിരിച്ചത്.
തടി വ്യാപാരിയായ നസീറിലേക്കും സംശയത്തിന്‍റെ മുന നീണ്ടു. തുടർന്നു ശാസ്ത്രീയ തെളിവുകളും ശേഖരിച്ചു. യുവതിയുടെ നഖത്തിനിടയിൽനിന്നു ലഭിച്ച ഡിഎൻഎ സാന്പിളുകളും ശരീരത്തിലെ പാടുകളും ജനനേന്ദ്രയ ഭാഗത്തുനിന്നു ലഭിച്ച പുരുഷ ബീജത്തിന്‍റെ ഡിഎഎയും പ്രതിയുടേതുമായി സാമ്യമുള്ളതാണെന്നും കണ്ടെത്തിയതോടെ നസീർ അറസ്റ്റിലായി.
ക്രൂരമാനഭംഗം
മല്ലപ്പള്ളി കോട്ടാങ്ങലിലാണ് ഭർത്തൃമതിയായ യുവതി കാമുകന്‍റെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് വഴിത്തിരിവുണ്ടായത്. അസ്വാഭാവിക മരണമായി നിഗമനത്തിലെത്തിയിരുന്ന കേസ് കൊലപാതകമെന്നു കണ്ടെത്തിയതിനൊപ്പം അറസ്റ്റിലായത് പ്രദേശവാസിയായ തടി വ്യാപാരി. ക്രൂരമായ ലൈംഗിക പീഡനത്തിനൊടുവിലാണ് യുവതി കൊല്ലപ്പെട്ടതെന്ന കണ്ടെത്തലും ഞെട്ടിപ്പിക്കുന്നതായി.
കോട്ടാങ്ങൽ ചുങ്കപ്പാറ മാപ്പൂര് റ്റിഞ്ചു മൈക്കിളിന്റെ (26) ദുരൂഹ മരണവുമായി ബന്ധപ്പെട്ട് 2019ൽ പെരുന്പെട്ടി പോലീസ് ചാർജ് ചെയ്ത കേസിലാണ് കോട്ടാങ്ങൽ പുളിമൂട്ടിൽ നസീറിനെ (നെയ്മോൻ – 39) ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. ഡിവൈഎസ്പി ജെ. ഉമേഷ് കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ടിജിൻ സംശയനിഴലിൽ
2019 ഡിസംബർ 15നാണ് റ്റിഞ്ചുവിനെ കോട്ടാങ്ങൽ പുല്ലാന്നിപ്പാറ കണയിങ്കൽ റ്റിജിൻ ജോസഫിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവുമായി അകന്ന റ്റിഞ്ചു കാമുകൻ റ്റിജിൻ ജോസഫിനൊപ്പം താമസിച്ചുവരവേയായിരുന്നു മരണം. സംഭവത്തിൽ കാമുകൻ ടിജിൻ സംശയത്തിന്‍റെ നിഴലിലായിരുന്നു.
വീട്ടിലെ കിടപ്പുമുറിയിൽ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്താൻ ശ്രമിക്കവേ കട്ടിലിൽ തല ഇടിച്ച് അബോധാവസ്ഥയിലായ റ്റിഞ്ചുവിനെ ക്രൂരമായി പീഡിപ്പിച്ച നസീർ തുടർന്ന് മുറിയുടെ മേൽക്കൂരയിലെ ഇരുന്പ് ഹൂക്കിൽ കെട്ടിത്തൂക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് ജില്ലാ ക്രൈം ബ്രാഞ്ചിന്റെ അന്വേഷണത്തിൽ തെളിഞ്ഞു.
സംഭവദിവസം രാവിലെ 9.45നും വൈകുന്നേരം 4.30 നുമിടയിലുള്ള സമയത്താണ് മരണം സംഭവിച്ചുവെന്നായിരുന്നു കേസ്. തൂങ്ങിമരണം എന്ന നിലയ്ക്കായിരുന്നു ലോക്കൽ പോലീസിന്റെ പ്രാഥമിക അന്വേഷണം.
2017ൽ വിവാഹിതയായ റ്റിഞ്ചു ഭർത്താവിനെ ഉപേക്ഷിച്ച് ആറു മാസമായി കാമുകനായ റ്റിജിൻ ജോസഫിനൊപ്പം ഈ വീട്ടിൽ താമസിച്ചുവരികയായിരുന്നു. സംഭവ ദിവസം കാമുകനും അയാളുടെ അച്ഛനും പുറത്തു പോയശേഷം റ്റിഞ്ചു മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ.
കെട്ടിത്തൂക്കി
ഈ സമയം വീട്ടിലെത്തിയ തടി വ്യാപാരിയായ നസീർ റ്റിഞ്ചുവിനെ തന്‍റെ ഇംഗിതത്തിനു വിധേയയാക്കാൻ ശ്രമിച്ചു. എന്നാൽ റ്റിഞ്ചു എതിർത്തതോടെ ക്രൂരമായി ആക്രമിച്ചു മാനഭംഗപ്പെടുത്തുകയും ആത്മഹത്യയെന്നു വരുത്തിത്തീർക്കാൻ കെട്ടിത്തൂക്കുകയുമായിരുന്നെന്നു പോലീസ് പറഞ്ഞു.
കേസ് തെളിഞ്ഞതോടെ യുവതിയുടെ മരണത്തിൽ സംശയത്തിന്‍റെ നിഴലിലായി പോലീസ് പീഡനത്തിന് ഇരയായ കാമുകൻ ടിജിൻ ജോസഫും ഇതോടെ സംഭവത്തിൽ നിരപരാധിയെന്നു തെളിഞ്ഞു.
റ്റിജിനെ പ്രതിയാക്കാൻ കൂരമർദനത്തിന് ഇരയാക്കിയ പെരുന്പെട്ടി എസ്ഐ ഷെറീഫിനെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. നിരപരാധിയായ തന്നെ ക്രൂരമായി മർദിച്ചു കുറ്റം സമ്മതിക്കാൻ ശ്രമിച്ചെന്നു ചൂണ്ടിക്കാട്ടി ടിജിൻ കോടതിയെ സമീപിച്ചതോടെയാണ് ഷെരീഫ് സസ്പെൻഷനിലായത്.