ബംഗളൂരു: ഭർത്താവിന്റെ മൂന്നു ലക്ഷം രൂപയുടെ കടം തീർക്കാൻ നവജാതശിശുവിനെ ഒന്നരലക്ഷം രൂപയ്ക്കു വിറ്റ സംഭവത്തിൽ അമ്മയടക്കം നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. 30 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ബംഗളൂരുവിലെ ഒരു യുവതിക്കാണു 40 കാരിയായ അമ്മ വിറ്റത്. കർണാടകയിലെ രാമനഗരയിൽ ഡിസംബർ അഞ്ചിനായിരുന്നു സംഭവം.
ഭർത്താവിന്റെ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ കുഞ്ഞിനെ യുവതി പണം വാങ്ങി വിറ്റതാണെന്നു കണ്ടെത്തി.
ദമ്പതിമാർ കൂലിപ്പണി ചെയ്താണു കുടുംബം നടത്തിയിരുന്നത്. ഇവർക്കു നാലു കുട്ടികളുണ്ട്. ഇതിനിടയിലാണ് അഞ്ചാമത്തെ കുട്ടിയെ പ്രസവിക്കുന്നത്.
തനിക്കുള്ള മൂന്നു ലക്ഷം രൂപയുടെ കടം വീട്ടാൻ കുഞ്ഞിനെ ആർക്കെങ്കിലും വിൽക്കാമെന്നു ഭാര്യ പറഞ്ഞെങ്കിലും താൻ അത് കാര്യമായി എടുത്തിരുന്നില്ലെന്നും ഇതിനിടിയിലാണ് കുഞ്ഞിനെ കാണാതായതെന്നും ഭർത്താവ് പറയുന്നു. കുഞ്ഞിനെ കാണാതായശേഷം രണ്ടു ദിവസത്തെ തെരച്ചിൽ കഴിഞ്ഞാണ് ഇയാൾ പോലീസിൽ പരാതി നൽകിയത്.
സംഭവത്തിൽ അമ്മയ്ക്കു പുറമെ കുഞ്ഞിനെ വിൽക്കാൻ സഹായിച്ച രണ്ടു പേരെയും കുട്ടിയെ വാങ്ങിയ യുവതിയെയും അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. കുഞ്ഞിനെ പിന്നീട് മാണ്ഡ്യയിലെ ശിശുക്ഷേമ സമതിയിലേക്കു മാറ്റി.