മംഗലപുരം : ലോഡ്ജിൽ മുറി വാടകയ്ക്ക് എടുത്ത് കഞ്ചാവ് കച്ചവടം നടത്തിവന്നിരുന്ന രണ്ട് പേരെ മംഗലപുരം പോലീസും തിരുവനന്തപുരം റൂറൽ ഡാൻസാഫ് ടീമും ചേർന്ന് അറസ്റ്റ് ചെയ്തു. വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന ഏഴ് കിലോ കഞ്ചാവും ഇവരിൽ നിന്നും കണ്ടെടുത്തു.
വെഞ്ഞാറമൂട് , തൈക്കാട്ട് സമന്വയനഗറിൽ മടവിളാകത്ത് വീട്ടിൽ നിതിൻ (23) ,പാലക്കാട് ,നടുവത്തൂപാറ പെരുങ്ങോട് കുറുശിയിൽ കുണ്ടുകാട് വീട്ടിൽ രാകേഷ് (30) എന്നിവരാണ് പോലീസിന്റെ പിടിയിലായത്.
പിടിയിലായ രണ്ട് പേരും ക്രിമിനൽ കേസുകളിലും അനധികൃത മദ്യകച്ചവടത്തിനും ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളവരാണ്.ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നിന്നും ട്രെയിൻമാർഗമാണ് ഇവർ കഞ്ചാവ് എത്തിച്ചിരുന്നതെന്നും ട്രെയിൻ മാർഗം കഞ്ചാവ് കേരളത്തിൽ എത്തിച്ച് കച്ചവടം നടത്തുന്ന ജില്ലയിലെ മുഖ്യകണ്ണികളാണ് ഇരുവരുമെന്നും പോലീസ് പറഞ്ഞു.
ആന്ധ്രയിൽ നിന്നും കിലോഗ്രാമിന് അയ്യായിരം രൂപക്ക് വാങ്ങുന്ന കഞ്ചാവ് മുപ്പത്തി അയ്യായിരം രൂപക്ക് മുകളിലാണ് ഇവർ കേരളത്തിൽ വിൽപ്പന നടത്തിയിരുന്നത് . വിപണിയിൽ രണ്ടര ലക്ഷം രൂപയിലധികം വിലവരുന്ന കഞ്ചാവാണ് ഇവരിൽ നിന്നും പിടികൂടിയത്.
കഴിഞ്ഞ ആഴ്ച ഇരുചക്രവാഹത്തിൽ കടത്തിയ പന്ത്രണ്ട് കിലോ കഞ്ചാവുമായി രണ്ടുപേർ തമിഴ്നാട് പോലീസിന്റെ പിടിയിലായിരുന്നു. ഇവരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ സംഘം പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു.
മംഗലപുരം പോലീസ് ഇൻസ്പെക്ടർ എച്ച്.എൽ. സജീഷിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ തുളസീധരൻ പിള്ള , സുദർശനൻ, എഎസ്ഐ എസ്.ജയൻ ,ഡാൻസാഫ് സബ് ഇൻസ്പെക്ടർ എം.ഫിറോസ് ഖാൻ, എഎസ്ഐ ബി. ദിലീപ് സിപിഒമാരായ അനൂപ് , ഷിജു , സുനിൽ രാജ് ,സുധീർ എന്നിവർ അറസ്റ്റിനു നേതൃത്വം നൽകി.