വൈപ്പിൻ : ഞാറക്കൽ പെരുന്പിള്ളി ഭാഗത്ത് നിന്നും കാണാതായ 14ഉം 16ഉം വയസുള്ള രണ്ട് ബാലികമാർക്കുനേരേ ലൈംഗികാതിക്രമം കാണിച്ച സ്വകാര്യ ബസ് ഡ്രൈവറെ ഞാറക്കൽ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം-ആലുവ റൂട്ടിൽ സർവ്വീസ് നടത്തുന്ന ബസിലെ ക്ലീനർ മട്ടാഞ്ചേരി സ്വദേശി നിസ്മാൻ (20)ആണ് അറസ്റ്റിലായത്.
കഴിഞ്ഞ തിങ്കളാഴ്ച വീട് വിട്ട് ഇറങ്ങിപ്പോയ ബാലികമാരെ എറണാകുളം മറൈൻ ഡ്രൈവിൽ വച്ചാണ് പ്രതി കണ്ടു മുട്ടിയതും പരിചയപ്പെട്ടതുമെന്ന് പോലീസ് പറഞ്ഞു. അവിടെ നിന്ന് ബസിൽ കയറ്റി ബാലികമാരെ ആലുവയിലേക്ക് കൊണ്ട് പോയി. രാത്രി ആലുവ റെയിൽവേ സ്റ്റേഷൻ പരിസരത്ത് വച്ചാണ് അതിക്രമം കാണിച്ചത്.
പിറ്റേന്ന് വീട്ടിൽ തിരിച്ചെത്തിയ ബാലികമാരെ ബന്ധുക്കൾ പോലീസിൽ ഹാജരാക്കിയതിനെ തുടർന്ന് ബാലികമാരുടെ മൊഴി അനുസരിച്ച് പ്രതിക്കെതിരേ പീഡനത്തിനു കേസെടുത്തു. തുടർന്ന് ബാലികമാരെക്കൊണ്ട് തന്നെ പ്രതിയുടെ മൊബൈലിൽ വിളിപ്പിച്ച് ഇന്നലെ എറണാകുളത്ത് നിന്നുമാണ് അറസ്റ്റ് ചെയ്തത്.
ഇന്ന് കോടതിയിൽ ഹാജരാക്കും. ബുധനാഴ്ച കോടതിയിൽ ഹാജരാക്കിയ പെൺകുട്ടികളെ കോടതി രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചു. സിഐ കെ. ഉല്ലാസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ എഎസ്ഐ ഹരി, പോലീസുകാരായ സജീവ്, രാജേഷ്, സുനീഷ് ലാൽ, ഷാജി, പ്രവീണ്‍, വനിതാ പോലീസ് ബോണ്സില എന്നിവരും ഉണ്ടായിരുന്നു.