പറവൂർ: സുപ്രീം കോടതിയിലെ സെൻട്രൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെന്ന വ്യാജേന ആൾ മാറാട്ടം നടത്തി ബീക്കൺ ലൈറ്റും ബോർഡും ഉപയോഗിച്ചതിന് അറസ്റ്റിലായ അഭിഭാഷ കനെ റിമാൻഡ് ചെയ്തു. പുത്തൻവേലിക്കര, എളന്തിക്കര ലലന ഭവനത്തിൽ എൻ.ജെ. പ്രിൻസ് ആണു റിമാൻഡ് ചെയ്തത്.
വടക്കേക്കര സിഐ എം.കെ. മുരളിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ അറസ്റ്റു ചെയ്തത്. ഇയാളുടെ വീട്ടിൽ റെയ്ഡ് നടത്തിയ പോലീസ് ഇന്നോവ കാറിൽ ഉപയോഗിച്ചിരുന്ന ചുവന്ന ബീക്കൺ ലൈറ്റും വസതിക്കു മുന്നിൽ സ്ഥാപിച്ചിരുന്ന സെൻട്രൽ സ്പെഷൽ പ്രോസിക്യൂട്ടർ തസ്തികയുടെ ബോർഡും കണ്ടെടുത്തു. ബോർഡ് ഇയാൾ ഉപയോഗിച്ചിരുന്ന കാറിലുമുണ്ടായിരുന്നു.
കാർ പോലീസ് കസ്റ്റഡിയിലെടുത്തു. മൂന്നു മാസം മുന്‍പാണു സെൻട്രൽ സ്പെഷൽ പ്രോസിക്യൂട്ടറായി നിയമനം ലഭിച്ചെന്ന വ്യാജേന വാഹനത്തിലും വസതിക്കു മുന്‍പിലും ബോർഡും ബീക്കൺ ലൈറ്റും ഉപയോഗിച്ചത്. നിയമനം ലഭിച്ചതായി അഭിഭാഷകരായ സുഹൃത്തുക്കളോടും നാട്ടുകാരാടും ഇയാൾ പറഞ്ഞിരുന്നു.
പോലീസിലും വിവിധ ഏജൻസികളിലും പരാതി ലഭിച്ചതിനെത്തുടർന്നാണ് അന്വേഷണമുണ്ടായത്. വിശ്വാസവഞ്ചനയ്ക്കും ആൾ മാറാട്ടത്തിനുമെതിരെയാണു കേസെടുത്തിട്ടുള്ളതെന്നു പോലീസ് പറഞ്ഞു. പറവൂർ, മാള സ്റ്റേഷനുകളിൽ ഇയാളുടെ പേരിൽ ചെക്കു കേസുക ളുണ്ടെന്നും പോലീസ് പറഞ്ഞു.