തിരുവനന്തപുരം: പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് 25 വർഷം കഠിനതടവും 60,000 രൂപ പിഴയും.
കൊല്ലം വട്ടപ്പാറ പെരുംപുറം സ്വദേശി നൗഫൽ (22)നെയാണ് തിരുവനന്തപുരം അതിവേഗ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി ആർ. ജയകൃഷ്ണൻ ശിക്ഷിച്ചത്.
പിഴ അടച്ചില്ലെങ്കിൽ ഒരു വർഷവും ആറു മാസവും കൂടുതൽ തടവ് അനുഭവിക്കണം. 2021 ഫെബ്രുവരിയിൽ കുറ്റപത്രം സമർപ്പിച്ച കേസിൽ ഒരു വർഷത്തിനുള്ളിൽ വിധി വന്നു എന്ന പ്രത്യേകതയുണ്ട്.
പത്താം ക്ലാസ് വിദ്യാർഥിയായിരുന്ന പെണ്‍കുട്ടിയെ ഇൻസ്റ്റഗ്രാം വഴിയാണ് പ്രതി പരിചയപ്പെട്ടത്. ഒരു ബുക്ക് നൽകാനെന്ന വ്യാജേന കുട്ടിയുടെ വീട്ടിൽ എത്തി വീട്ടുകാരെയും പരിചയപ്പെട്ടു.
ഈ പരിചയം മുതലെടുത്ത് 2020 നവംബർ ഒന്നിന് പുലർച്ചെ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ പ്രതി വാതിൽ തുറക്കാൻ ഫോണിലൂടെ കുട്ടിയോട് ആവശ്യപ്പെട്ടു. കുട്ടി വിസമ്മതിച്ചപ്പോൾ നാട്ടുകാരെ വിളിച്ച് ഉണർത്തി നാണം കെടുത്തുമെന്നു ഭീഷണിപ്പെടുത്തി.
ഇതിൽ ഭയന്നു കുട്ടി വാതിൽ തുറന്നു കൊടുത്തപ്പോൾ മുറിക്കുള്ളിൽ കയറി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പുറത്തു പറഞ്ഞാൽ വീട്ടുകാരെയടക്കം കൊല്ലുമെന്നു ഭീഷണിപ്പെടുത്തി.
തുടർന്ന് കുട്ടിയെ തന്റെ ബൈക്കിൽ ബലമായി കയറ്റി മണ്‍റോത്തുരുത്തിലുള്ള ഒരു റിസോർട്ടിൽ കൊണ്ട് പോയി. അവിടെ വച്ച് മയക്കുമരുന്ന് ൽകിപീഡിപ്പിച്ചു.
കുട്ടിയെ കാണാതായതിനെ തുടർന്ന് അമ്മ മെഡിക്കൽ കോളജ് പോലീസിൽ പരാതി നൽകി.കുട്ടിയെ ഭീഷണിപ്പെടുത്തി കടന്നു കളയാൻ ശ്രമിച്ച പ്രതിയെ പോലീസ് മണ്‍റോത്തുരുത്തിൽ വച്ചു പിടികൂടി.
പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ.എസ്. വിജയ് മോഹൻ ഹാജരായി. പിഴത്തുക കുട്ടിക്കു നൽകണമെന്നും സർക്കാർ കുട്ടിക്കു നഷ്ടപരിഹാരം നൽകണമെന്നും കോടതി വിധിച്ചിട്ടുണ്ട്.