പെരിന്തൽമണ്ണ: ഒന്നരക്കോടി രൂപയുടെ, റദ്ദാക്കിയ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും കറൻസിയുമായി മൂന്നു പേരെ പെരിന്തൽമണ്ണയിൽ പ്രത്യേക അന്വേഷണസംഘം പിടികൂടി.
എടയൂർ അത്തിപ്പറ്റ സ്വദേശി മുക്കിൽ സിറാജുദീൻ(39), വെങ്ങാട് വാതുക്കാട്ടിൽ അബ്ബാസ്(37), തിരുവനന്തപുരം കവടിയാർ റെയിൻബോ വീട്ടിൽ ഷംസുദീൻ(60) എന്നിവരെയാണ് ചൊവ്വാഴ്ച വൈകുന്നേരം 5.45ന് പെരിന്തൽമണ്ണ മാലപറമ്പ് എംഇഎസ് മെഡിക്കൽ കോളജ് ആശുപത്രിക്കു മുൻവശത്തുവച്ച് 1,51,07,000 രൂപയുമായി പിടികൂടിയത്.
ആയിരം, അഞ്ഞൂറ് രൂപ കറൻസികളുമായി മൂന്നു പേർ രണ്ടു കാറുകളിലായി വളാഞ്ചേരി ഭാഗത്തുനിന്നു പെരിന്തൽമണ്ണയിലേക്ക് ഇടപാട് നടത്താൻ വരുന്നതായി പോലീസിനു രഹസ്യവിവരം ലഭിക്കുകയായിരുന്നു. ആഡംബര കാറുകളിലായിരുന്നു സംഘമെത്തിയിരുന്നത്. കാർ പോലീസ് കസ്റ്റഡിയിലെടുത്തു.
ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ നിരോധിച്ചിട്ടും, നിരോധിച്ച നോട്ടുകൾ ബാങ്കുകളിൽ തിരിച്ചടയ് ക്കാനുള്ള തീയതി അവസാനിച്ചിട്ടും വിദേശത്തു ജോലി ചെയ്യുന്ന പ്രവാസികൾക്കു കൈവശമുള്ള റദ്ദാക്കിയ നോട്ടുകൾ മാറ്റാനുള്ള സമയം കഴിഞ്ഞിട്ടുമാണ് ഇത്രയധികം നോട്ടുകൾ പിടികൂടുന്നത്.
ഏതാനും നാളുകൾക്കു മുമ്പ് രണ്ടു കേസുകളിലായി പെരിന്തൽമണ്ണയിൽ നാലരക്കോടിയോളം റദ്ദാക്കപ്പെട്ട കറൻസികളും ഇവ കടത്താൻ ഉപയോഗിച്ചിരുന്ന രണ്ടു കാറുകളും ഉൾപ്പെടെ എട്ടു പേരെ അറസ്റ്റ് ചെയ്തിരുന്നു. സൈബർസെല്ലിന്റെ സഹായത്തോടെ വേഷപ്രച്ഛന്നരായി ഇടനിലക്കാരായി ചമഞ്ഞാണ് മൂവരെയും വലയിലാക്കിയത്.
അറസ്റ്റിലായ സംഘത്തിനു തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ ഹവാല സംഘങ്ങളുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കും. നിരോധിത നോട്ടുകളുടെ ഉറവിടത്തെക്കുറിച്ചും പോലീസ് അന്വേഷിക്കും.