തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്തിക്കൊണ്ട് പോയി തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിൽ താമസിപ്പിച്ച് പീഡിപ്പിച്ച കേസിലെ പ്രതിയെ പോലീസ് പിടികൂടി.
നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ കുപ്രസിദ്ധ കുറ്റവാളി കോളിയൂർ കൈലിപ്പാറ കോളനിയിൽ പ്രകാശ് (പാച്ചൻ 23)നെയാണ് തിരുവല്ലം പോലീസ് അറസ്റ്റ് ചെയ്തത്.
ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർ ഷാജിയുടെ നിർദേശാനുസരണം പ്രത്യേക അന്വേഷസംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തമിഴ്നാട്ടിലെ കലിംഗരാജപുരത്ത് നിന്നും പ്രതി പിടിയിലായത്.
അന്വേഷണസംഘം തമിഴ്നാട്ടിൽ ക്യാമ്പ് ചെയ്ത് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പെൺകുട്ടിയും പ്രതിയും പിടിയിലായത്.പ്രകാശിനെതിരെ മോഷണം, വധശ്രമം, കഞ്ചാവ് വിൽപ്പന തുടങ്ങിയ കേസുകൾ കോവളം, വിഴിഞ്ഞം, പൂജപ്പുര, വലിയതുറ തുടങ്ങിയ പോലീസ് സ്റ്റേഷനുകളിൽ നിലവിലുണ്ട്.
തിരുവല്ലം എസ്എച്ച്ഒ സുരേഷ് വി.നായർ, എസ്ഐമാരായ ബിപിൻ പ്രകാശ്, വൈശാഖ്, മനോഹരൻ, സിപിഒമാരായ ഷിജു, വിനയകുമാർ, രാജീവ്, രാജീവ്കുമാർ, രമ, പ്രീജ എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കോടതി നിർദേശപ്രകാരം പെൺകുട്ടിയെ മാതാപിതാക്കളോടൊപ്പം വിട്ടയച്ചു.