ആലത്തൂർ: ആലത്തൂർ കുനിശേരിയിൽ നവജാതശിശുവിനെ മാതാപിതാക്കൾ വിറ്റ സംഭവത്തിൽ കുഞ്ഞിനെ തമിഴ്നാട്ടിലെ ഈറോഡിൽ നിന്ന് പോലീസ് കണ്ടെത്തി. കുഞ്ഞിനെ വിൽക്കുന്നതിന് ഇടനിലക്കാരായ ഈറോഡ് കൃഷ്ണപാളയം ദുരൈസ്വാമിയുടെ മകൻ ജനാർദനൻ (33), ഈറോഡ് ഓൾഡ് റെയിൽവേ സ്റ്റേഷൻ റോഡിൽ കല്യാണസുന്ദരത്തിന്റെ മകൾ സുമതി (26) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇടനിലക്കാരിയായ കസ്തൂരി എന്ന സ്ത്രീയെ ഇനി പിടികൂടാനുണ്ട്. കുഞ്ഞ് പൂർണ ആരോഗ്യവതിയാണ്.
മലന്പുഴയിലെ ആനന്ദഭവനിലാണ് കുഞ്ഞിനെ ഇപ്പോൾ സംരക്ഷിക്കുന്നത്. കുട്ടിയുടെ മുത്തശി പൊള്ളാച്ചി ഒറ്റക്കൽമണ്ഡപം കിണത്തുകടവിൽ ജോണ്സന്റെ ഭാര്യ വിജി (48), മകനും കുഞ്ഞിന്റെ പിതാവുമായ രാജൻ (42), കുഞ്ഞിന്റെ അമ്മ ബിന്ദു (30) എന്നിവരും പോലീസ് കസ്റ്റഡിയിലുണ്ട്.
കുഞ്ഞുങ്ങളെ വിൽക്കുന്ന വൻ മാഫിയയുടെ ഭാഗമാണ് അറസ്റ്റിലായ ഇടനിലക്കാരെന്ന് പോലീസ് പറഞ്ഞു. കുഞ്ഞിന്റെ മുത്തശി വിജി വഴിയാണ് ഇവർ കച്ചവടം നടത്തിയത്. ഒന്നര ലക്ഷം രൂപയ്ക്കാണ് വില്പന നടന്നതെന്നാണ് പോലീസ് പറയുന്നത്. അറസ്റ്റിലായവരെല്ലാം പരസ്പരവിരുദ്ധമായ മൊഴികളാണ് നല്കുന്നത്. കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
ഡിസംബർ 25 നാണ് ബിന്ദു പാലക്കാട് ജില്ലാ ആശുപത്രിയിൽ കുഞ്ഞിന് ജ·ം നൽകുന്നത്. ഇവരുടെ അഞ്ചാമത്തെ കുഞ്ഞാണ് ഇത്. തുടർന്ന് കുഞ്ഞിനെ കാണാതാകുകയായിരുന്നു. നാട്ടുകാർ നല്കിയ പരാതിയെത്തുടർന്നാണ് പോലീസ് അന്വേഷണം നടത്തിയത്. ആലത്തൂർ സി.ഐ കെ.എ എലിസബത്ത്, എസ്.ഐ എസ്. അനീഷ്, ഇവരുടെ നേതൃത്വത്തിലുള്ള ടീമാണ് അറസ്റ്റ് നടത്തിയത്.