ഏറ്റുമാനൂർ: തമിഴ്നാട്ടിലെ കൊലക്കേസ് പ്രതി ബജിക്കച്ചവടക്കാരനായി ഒളിവിൽ കഴിഞ്ഞത് ഏറ്റുമാനൂരിൽ. ഏറ്റുമാനൂർ പോലീസിന് സഹായത്തോടെ തമിഴ്നാട് പോലീസ് ഇയാളെ പിടികൂടിയപ്പോൾ മാത്രമാണ് ഇയാൾ കൊലയാളിയാണെന്നത് അയൽവാസികൾ മനസിലാക്കുന്നത്.
പാണ്ഡ്യൻ എന്ന ഗുണ്ടാത്തലവനെ മധുരയിൽ വച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ച കേസിലെ ആറ് പ്രതികളിൽ ഒരാളായ മധുര സ്വദേശി സുന്ദരപാണ്ഡ്യ (40)നെയാണ് ഏറ്റുമാനൂർ പോലീസിന്റെ സഹായത്തോടെ കഴിഞ്ഞ ദിവസം തമിഴ്നാട് പോലീസ് പിടികൂടിയത്. കഴിഞ്ഞ ഒരു വർഷമായി ഇയാൾ മധുര സ്വദേശി തന്നെയായ രമേശി(41)നൊപ്പം അയാളുടെ വാടക വീട്ടിലാണ് കഴിഞ്ഞിരുന്നത്.
ആറു വർഷമായി ഏറ്റുമാനൂർ കിഴക്കേ നടയിൽ കുടുംബസമേതം വാടകക്ക് താമസിച്ച് ബജി കച്ചവടം നടത്തുകയായിരുന്നു രമേശ്. രമേശിനൊപ്പം കൂടിയ സുന്ദരപാണ്ഡ്യൻ കച്ചവടത്തിൽ രമേശിനെ സഹായിക്കുകയായിരുന്നു. രമേശിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾക്കും കൊലപാതകത്തിൽ പങ്കുണ്ടോ എന്നത് അന്വേഷിക്കുകയാണ് പോലീസ്.