പറവൂർ: പുത്തൻവേലിക്കരയിൽ പാലാട്ടിവീട്ടിൽ പരേതനായ ഡേവിസിന്റെ ഭാര്യ മോളി (61)യെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആസാം സ്വദേശി പരിമൾ സാഹു (മുന്ന -24) വിനെ പുത്തൻവേലിക്കര പോലീസ് ഇന്ന് പറവൂരിലെ കോടതിയിൽ ഹാജരാക്കും.
പോലീസിന്റെ ചോദ്യം ചെയ്യലിനെ തുടർന്ന് പ്രതി ഇന്നലെ തന്നെ പോലീസിനോട് കുറ്റം സമ്മതിച്ചിരുന്നു. ഇയാളെ തെളിവെടുപ്പിനായി ഇന്ന് പുത്തൻവേലിക്കരയിലും മോളിയുടെ വീട്ടിലും എത്തിക്കും. കൊല നടത്തിയ രീതികൾ അറസ്റ്റിലായപ്പോൾ തന്നെ പ്രതി ഇവരുടെ വീട്ടിൽവച്ച് പോലീസിനോട് പറഞ്ഞിരുന്നു.
സംഭവം നടക്കുന്പോൾ മോളിയുടെ മകൻ ഭിന്നശേഷിക്കാരനായ ഡെനിയും വീട്ടിലുണ്ടായിരുന്നുവെങ്കിലും സംഭവത്തെക്കുറിച്ച് വ്യക്തമായി പറയുന്നതിന് കഴിയുന്നില്ല. അതേസമയം മുന്നയെന്ന് പലപ്രാവശ്യം നാട്ടുകാരോട് പറഞ്ഞുകൊണ്ടിരുന്നു.
ഇതേ തുടർന്നാണ് പോലീസ് വീട്ടുവളപ്പിലുണ്ടായിരുന്ന മുന്നയെ ചോദ്യം ചെയ്തതും പിന്നീട് അറസ്റ്റ് ചെയ്തതും.
മോളിയുടെ മൃതദേഹം കളമശേരി മെഡിക്കൽ കോളജിൽ പോലീസ് സർജൻ പോസ്റ്റുമോർട്ടം നടത്തിയശേഷം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഇന്ന് രാവിലെ 11 ഒാടെ മൃതദേഹം പുത്തൻവേലിക്കരയിലെ വീട്ടിലേയ്ക്ക് കൊണ്ടുവരുമെന്ന് പോലീസ് പറഞ്ഞു. മോളിയുടെ മകൾ എമിയും ഭർത്താവ് ബിജുവും സ്കോട്ട്ലൻഡിൽ നിന്നും വീട്ടിൽ ഉച്ചയ്ക്ക് എത്തും.ഉച്ചകഴിഞ്ഞ് മൂന്നിന് പുത്തൻവേലിക്കര ഉണ്ണിമിശിഹാ പള്ളിയിൽ മൃതദേഹം സംസ്കരിക്കും.