നെയ്യാറ്റിന്‍കര: ഊരുട്ടുകാലയില്‍ നാലരക്കിലോ കഞ്ചാവുമായി പിടികൂടിയ പ്രതി കൈവിലങ്ങുമായി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചത് നെയ്യാറ്റിന്‍കര പോലീസിനെ മണിക്കൂറുകളോളം വട്ടം ചുറ്റിച്ചു. ആലുവ എച്ചൂര്‍ കേച്ചേരിപറമ്പില് ഗോകുല്‍ എന്ന് വിളിക്കുന്ന പാതാളം സുരേഷ് (23) ആണ് പോലീസിനെ വെട്ടിച്ച് കടക്കാന്‍ ശ്രമിച്ചത്.
ഇന്നലെ രാവിലെ 10 .30 ഓടെ നെയ്യാറ്റിന്‍കര തഹസില്‍ദാറിന്റെ സാന്നിധ്യത്തില്‍ പരിശോധനകള്‍ നടക്കുന്നതിനിടെയാണ് പ്രതി പോലീസുകാരനെ തട്ടിത്തെറിപ്പിച്ച് ആദ്യം ഓടാന്‍ ശ്രമിക്കുന്നത്. 15 മീറ്ററോളം സാഹസികമായി ഓടിയ പ്രതിയെ ഊരുട്ടുകാലയിലെ ചുമട്ട് തൊഴിലാളി തടഞ്ഞു നിര്‍ത്താന്‍ ശ്രമിക്കുകയും തുടര്‍ന്ന് പിടികൂടുകയുമായിരുന്നു. തുടര്‍ന്ന് ജീപ്പില്‍ കയറ്റിയ പ്രതി 15 മിനിറ്റിനു ശേഷം ഒരു കൈയിലുണ്ടായിരുന്ന വിലങ്ങ് ഊരി ജീപ്പിന്റെ ഡോര്‍ തുറന്ന് രക്ഷപ്പെടുകയായിരുന്നു.
ഊരുട്ടുകാല ജി ആര് പബ്ലിക് സകൂളിന്റെ പുറകില്‍ വന്‍ പോലീസ് സംഘം തമ്പടിച്ച് പരിശോധനകള്‍ ശക്തിപ്പെടുത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. തുടര്‍ന്ന് ഉച്ചകഴിഞ്ഞ് മൂന്നരക്കുശേഷം വീടുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ ഊരുട്ടുകാലയിലെ തന്നെ ഒരു ഒഴിഞ്ഞ വീടിന്റെ കുളിമുറിയില്‍ ഒളിച്ചിരിക്കുകയായിരുന്ന പ്രതിയെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് പിടികൂടുകയായിരുന്നു. പ്രതിക്കെതിരേ കളമശേരിയിലും വിവിധ സ്റ്റേഷനുകളിലുമായി ഏഴോളം വാഹന മോഷണക്കേസുകള്‍ ഉള്ളതായി പോലീസ് പറഞ്ഞു.