പത്തനാപുരം: പിടവൂർ പ്ലാക്കാട്ട് ക്ഷേത്രത്തിൽ നടന്ന സാമൂഹ്യ വിരുദ്ധാക്രമണത്തില് രണ്ട് പ്രതികൾ പിടിയിൽ.പിടവൂർ തരിയൻ തോപ്പ് പ്രണവ് വിലാസത്തിൽ പ്രണവ് (21), പിടവൂർ കടുവാക്കുന്നിൽ ഉണ്ണികൃഷ്ണൻ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. കേസിൽ ഏഴ് പ്രതികൾ കൂടിയുണ്ട്.
പോലീസ്ഇവർക്കായി അന്വേഷണം നടത്തുന്നുണ്ട്. 16ന് രാത്രിയാണ് ഉത്സവത്തിന്റെ ഭാഗമായി സ്ഥാപിച്ചിരുന്ന വൈദ്യുത ട്യൂബുകളും ദീപാലങ്കാരങ്ങളും ഒൻപതംഗ സംഘം അടിച്ചു തകര്‍ത്തത്. ക്ഷേത്രത്തിന് സമീപം കല്ലട ആറിന് കുറുകെയുള്ള ഇരുമ്പ് പാലത്തിലും സമീപത്തുമായുള്ള വൈദ്യുത വിളക്കുകളാണ് യുവാക്കൾ തകർത്തത്.
വൈദ്യുത വിളക്കുകൾ നശിപ്പിച്ച ശേഷം ഇരുട്ടിന്റെ മറവിൽ ചിലരെ അക്രമിക്കാൻ സംഘം പദ്ധതിയിട്ടിരുന്നതായും പോലീസ് പറയുന്നു.
പാലത്തിന് കീഴിൽ പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ മദ്യ മയക്ക് മരുന്ന് ഉപയോഗിക്കുന്ന യുവാക്കൾ തമ്പടിക്കുന്നത് ഇതുവഴി പോകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും ദേവാലയങ്ങളിൽ പോകുന്നവർക്കും ബുദ്ധിമുട്ടാണെന്ന് നാട്ടുകാരും ആരോപിക്കുന്നുണ്ട്.
കഴിഞ്ഞദിവസം ഒരു യുവാവിനെ മദ്യപസംഘം ക്രൂരമായി മർദ്ദിച്ച ശേഷം സമീപത്തെ വയോധികരുടെ വീട്ടിൽ എത്തി പോർവിളി നടത്തിയതായും പരാതിയുണ്ട്. പ്രദേശത്തെ ചില യുവാക്കളും, മറ്റ് സ്ഥലങ്ങളിൽ നിന്നെത്തുന്ന സുഹൃത്തുക്കളും ഇവിടെ മദ്യവും,മറ്റ് ലഹരിമരുന്ന് എന്നിവ വ്യാപാരം നടത്തുന്നതായും പരാതിയുണ്ട്.
ഉത്സവത്തോടനുബന്ധിച്ച് കിഴക്കേഭാഗം, ചേകം,നടുക്കുന്ന് പ്രദേശങ്ങളില്‍ നിന്നും ഭക്തർക്ക് രാത്രിയിലും വെളുപ്പിനെയും ക്ഷേത്ര ദർശനത്തിന് പോകുന്നതിനായി സ്ഥാപിച്ച വിളക്കുകളാണ് തകർത്തത്.കൊല്ലം എസ് പിയുടെ നിർദ്ദേശപ്രകാരം പത്തനാപുരം സി ഐ അൻവർ, എസ് ഐ പുഷ്പകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.