
പത്തനാപുരം: കൊലപാതകശ്രമക്കേസിലെ പ്രതികള്‍ പിടിയില്‍. വീട് കയറി യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച കേസിലെ രണ്ട് പ്രതികളാണ് പിടിയിലായത്.
കൊലപാതക കേസിൽ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതികളാണിവർ. കുമരംകുടി കുമ്പിളുവേലിൽ വീട്ടിൽ എമിൽ(26), നേമം ശിവ ശൈലത്തിൽ ശരത് കുമാർ(28) എന്നിവരെയാണ് പത്തനാപുരം പോലീസ് പിടികൂടിയത്.
കഴിഞ്ഞ ജൂൺ അഞ്ചിന് കുമരംകുടിയിൽ പ്രജിത്തിനെ വീട്ടിലെത്തി രാവിലെ ആറോടെ വെട്ടുകത്തിയും ചുറ്റികയും കൊണ്ട് ആക്രമിക്കുകയായിരുന്നു. പ്രജിത്തിന്റെ ഇടത് കൈയ്ക്കും കാൽമുട്ടിന് മുകളിലായും വെട്ടി പരിക്കേൽപിച്ച സംഘം വലതുകൈമുട്ട് ചുറ്റിക കൊണ്ട് തല്ലി ഒടിക്കുകയും ചെയ്തിരുന്നു.
സംഭവത്തെ തുടർന്നു ഒളിവിൽ പോയ ഇവർ അടുത്തിടെ കരിമ്പാലൂർ സ്വദേശിയായ സജീവന്റെ ഉടമസ്ഥതയിലുള്ള ഇന്നോവ കാര്‍ കോവിഡുമായി ബന്ധപ്പെട്ട് ക്വാറന്റൈനില്‍ കഴിയുന്ന ആളെ കൊണ്ടുവരാനെന്ന് പറഞ്ഞ് വാടകയ്ക്കു എടുത്ത് കൊണ്ട് പോയ ശേഷം കാർ പണയം വയ്ക്കുകയും ചെയ്തു.
ഈ സംഭവത്തില്‍ അന്വേഷണം നടക്കവേ ആണ് പ്രതികൾ പിടിയിലായത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇവർ സമാനരീതിയിൽ തട്ടിപ്പ് നടത്തിയതായും വിവരമുണ്ട്. ഇതിൽ ശരത് കഴിഞ്ഞ വർഷം കരമന സ്റ്റേഷൻ പരിധിയിൽ യുവാവിനെ അടിച്ചു കൊന്ന കേസിലെ പ്രതി കൂടിയാണ്.
കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി ഹരിശങ്കർ, പുനലുർ ഡിവൈഎസ്പി അനിൽദാസ് എന്നിവരുടെ നിർദേശപ്രകാരം പത്തനാപുരം സി ഐ രാജീവ്, എസ് ഐമാരായ സുബിൻ തങ്കച്ചൻ, ജെയിംസ് ജോസഫ്, എ എസ് ഐ മധുസൂദനൻ, സന്തോഷ്, മനേഷ്, സിജിത്ത്, ജയകുമാരി, അംബിക എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.