വിഴിഞ്ഞം: വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പോലീസ് അറസ്റ്റ് ചെയ്തു. വിഴിഞ്ഞം ആമ്പൽകുളം സ്വദേശി സബീർഖാൻ (27)നെയാണ് വീട്ടമ്മയുടെ പരാതിയിൽ വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തത്.
വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് അതിക്രമിച്ച് കടന്ന് വീട്ടമ്മയെ ബലാൽക്കാരമായി പ്രതി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതിയെന്നു വിഴിഞ്ഞം പോലീസ് പറഞ്ഞു. ഡിവൈഎഫ്ഐ മുൻ പ്രാദേശിക നേതാവ് കൂടിയായ സബീർഖാനെ സംഭവം പുറത്തറിഞ്ഞതോടെ രണ്ട് ദിവസംമുമ്പ് ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു.
കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട ആവശ്യത്തിനായാണ് വീട്ടമ്മ സിപിഎം നേതാവിനെ ആദ്യമായി സമീപിച്ചത്. ശല്യം സഹിക്കാതായതോടെയാണ് കഴിഞ്ഞ ദിവസം വീട്ടമ്മ പോലീസിൽ പരാതി നല്കിയത്. ഒളിവിൽ പോയ നേതാവിനെ കഴിഞ്ഞ ദിവസമാണ് പോലീസ് പിടികൂടിയത്.
അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തതായി വിഴിഞ്ഞം പോലീസ് അറിയിച്ചു. കേസ് തേച്ചുമാച്ച് കളയാൻ സിപിഎമ്മും പോലീസും ഒത്തു കളിക്കുകയാണെന്നാരോപിച്ച് കോൺഗ്രസ് വിഴിഞ്ഞം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിഴിഞ്ഞത്ത് പ്രകടനവും നടത്തി. മണ്ഡലം പ്രസിഡന്റ് എം.മുജീബ്റഹുമാൻ, എൻ.എസ്.നുസൂർ, സജു, മോഹനൻ, നൗഷാദ്, സലിം, ജലീൽ ,സക്കീർ തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നല്കി.