വെള്ളമുണ്ട: ഒന്നിലും മൂന്നിലും പഠിക്കുന്ന ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കാൻ ശ്രമിച്ച കർണാടക സ്വദേശിയായ വൃദ്ധനെ റിമാൻഡ് ചെയ്തു. ഇയാളെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിക്കുകയായിരുന്നു. കർണാടക അന്തർസന്ത സ്വദേശിയായ സണ്ണയ്യ(68)യെയാണ് വെള്ളമുണ്ട പോലീസിലേൽപ്പിച്ചത്. സ്കൂൾ വിട്ടുപോവുകയായിരുന്ന വിദ്യാർഥികളെ ഇയാൾ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.
വിദ്യാർഥികൾ വിവരം രക്ഷിതാക്കളെയും അധ്യാപകരെയും അറിയിച്ചതിനെതുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി തരുവണയിൽ പീടികത്തിണ്ണയിൽ താമസിച്ചു വരുന്ന വൃദ്ധനാണെന്ന് ബോധ്യമായത്. തുടർന്ന് ഇയാളെ പിടികൂടുന്നതിനായി പോലീസ് സഹായം തേടുന്നതിനിടെ ഇയാൾ രക്ഷപ്പെടുകയായിരുന്നു.
നാട്ടുകാർ നടത്തിയ തെരച്ചിലിൽ ദ്വാരകയിൽനിന്നാണ് ഇയാളെ പിടികൂടിയത്. ഇയാൾക്കെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്യുകയായിരുന്നു.