പയ്യന്നൂര്‍: തമിഴ് സിനിമയുടെ ഓഡിഷനായി പയ്യന്നൂരിലെ ത്രീസ്റ്റാര്‍ ഹോട്ടലിലെത്തിയ കോഴിക്കോട് സ്വദേശിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റില്‍. പയ്യന്നൂര്‍ മഹാദേവ ഗ്രാമത്തിലെ ടി.കെ.രഞ്ജിത്തി (39) നെയാണു പ്രിന്‍സിപ്പല്‍ എസ്ഐ വി.സിജിത്ത് അറസ്റ്റ് ചെയ്തത്.
യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന വിവരമറിഞ്ഞെത്തിയ പോലീസ് സംഘത്തെ തടയുകയും കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്ത സംഭവത്തിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് പന്തീരങ്കാവിലെ 23 കാരിയുടെ പരാതിയില്‍ പോലീസ് അറസ്റ്റ് ചെയ്ത പോലീസ് സ്റ്റേഷന് റോഡിലെ ബാര്‍ ഹോട്ടല്‍ ജീവനക്കാരനായ ഇരിട്ടി ഉളിക്കല്‍ വയത്തൂരിലെ കെ.വി.രമേശനെ (42) പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തിരുന്നു.
‘കാക്ഷി’യെന്ന തമിഴ്സിനിമയ്ക്കായി നായിക നടിയേയും സഹനടികളേയും ആവശ്യമുണ്ടെന്നു വാട്സാപ്പ് ഗ്രൂപ്പുകളില്‍ പ്രചാരണമുണ്ടായിരുന്നു. ഈ പ്രചാരണം കണ്ടാണു മലപ്പുറത്തും കോഴിക്കോടുമുള്ള യുവതികളുള്‍പ്പെടെ ഇരുപത്തഞ്ചോളം പേര് എത്തിയത്.
എന്നാല്‍ യുവതികളെ ലോഡ്ജിലെത്തിച്ച ശേഷം മുങ്ങിയ സ്ത്രീയെ കുറിച്ചു കൂടുതല്‍ അന്വേഷണം പോലീസ് നടത്തിയില്ലെന്ന ആരോപണവും ഉയരുന്നുണ്ട്. സംഭവ ദിവസം അര്‍ധരാത്രിയോടെ ഓഡിഷനായി എത്തിയ സംഘം ഹോട്ടലില്‍ നിന്നു കൂട്ടത്തോടെ മുങ്ങിയതും ദുരൂഹത വര്‍ധിപ്പിക്കുന്നു.