പത്തനംതിട്ട : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ ചെങ്ങന്നൂര്‍ വെണ്മണി സ്വദേശിയായ ജിജോ പി. ജയിംസിന് (26) പത്തനംതിട്ട പ്രിന്‍സിപ്പല്‍ പോക്സോ സ്പെഷല്‍ കോടതി 20 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു.
വിവാഹ വാഗ്ദാനം നല്കി പ്രലോഭിപ്പിച്ച് 16 വയസു ള്ള പെണ്‍കുട്ടിയെ പീഡനത്തിനു വിധേയയാക്കിയെന്നാണ് കേസ്. മുത്തശിയുടെ സംരക്ഷണയില്‍ കഴിഞ്ഞിരുന്ന പെണ്‍കുട്ടിയെ 2016 ഒക്ടോബറില്‍ പ്രതി തട്ടിക്കൊണ്ടു പോകുകയായിരുന്നു.
പുറംലോകം അറിഞ്ഞതോടെ
തുടര്‍ന്ന് പെണ്‍കുട്ടിയെ പ്രതിയുടെ വല്യച്ഛന്റെ ചെങ്ങന്നൂര്‍ വെണ്മണിയിലുള്ള വീട്ടില്‍ ഒളിപ്പിച്ച് താമസിപ്പിച്ച് പീഡനത്തിന് ഇരയാക്കി. പെണ്‍കുട്ടിയെ കാണാതായവിവരം മുത്തശി പെണ്‍കുട്ടിയുടെ അമ്മയെ വിളിച്ചറിയിക്കുകയും പെണ്‍കുട്ടിയുടെ മാതാവ് പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
സംഭവം പുറം ലോകം അറിഞ്ഞതോടെ പ്രതിയുടെ ബന്ധുക്കളും പൊതുപ്രവര്‍ത്തകരും ചേര്‍ന്ന് പെണ്‍കുട്ടിയെ പന്തളം പോലീസില്‍ ഏല്പിച്ചു . തുടര്‍ന്ന് പോലീസ് ജിജോയെ അറസ്റ്റ് ചെയ്തു.
പതിനെട്ട് സാക്ഷികള്‍ ഉണ്ടായിരുന്ന കേസിന്റെ വിചാരണ പൂര്‍ത്തിയാക്കിയ കോടതി ഐപിസി 376, പോക്സോ 4 എന്നീ വകുപ്പുകള്‍ പ്രകാരം 10 വര്‍ഷത്തെ കഠിന തടവിനും 50,000 രൂപ പിഴയും ഐപിസി 363, 366 എന്നീ വകുപ്പുകള്‍ പ്രകാരം അഞ്ചു വര്‍ഷം വീതം തടവും 25,000 രൂപ വീതം പിഴയും വിധിച്ചു.
363, 366 എന്നീ വകുപ്പുകള്‍ പ്രകാരമുളള ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്ന് വിധിന്യായത്തില്‍ പറഞ്ഞിട്ടുണ്ട്. പ്രിന്‍സിപ്പല്‍ പോക്സോ ജഡ്ജ് ജയകുമാര്‍ ജോണാണ് വിധി പ്രസ്താവിച്ചത്.
സാക്ഷിമൊഴികളും ശാസ്ത്രീയ തെളിവുകളും പ്രോസിക്യൂഷന് അനുകൂലമായ കേസില്‍ പ്രിന്‍സിപ്പല്‍ പോക്സോ സ്പെഷല്‍ പ്രോസിക്യൂട്ടര്‍ ജയ്സണ്‍ മാത്യൂസ് ഹാജരായി. പന്തളം പോലീസ് ഇന്‍സ്പെക്ടറായിരുന്ന ആര്. സുരേഷാണ് അന്വേഷണം നടത്തിയത്.