പാലക്കാട്: പാലന ആശുപത്രിയിലെ നഴ്സ് ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട് കാമുകൻ അറസ്റ്റിൽ. ചിറ്റൂർ അത്തിക്കോട് സ്വദേശിയായ ഇരുപതുകാരി തൂങ്ങിമരിച്ച കേസിലാണ് കാമുകനായ പൊൽപ്പുള്ളി നരംകുഴി വേപ്പങ്കോട് ഷിബു(28)വിനെ അറസ്റ്റ് ചെയ്തത്. മരിച്ച പെണ്‍കുട്ടിയുടെ അയൽവാസിയായ ഷിബു ഓട്ടോറിക്ഷ ഡ്രൈവറാണ്.
കഴിഞ്ഞമാസം 21 ന് പുലർച്ചെയാണ് ചെറിയച്ഛന്റെ വീട്ടിൽ പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞിരുന്നു. പക്ഷേ, ബന്ധുക്കൾ പരാതിപ്പെട്ടിരുന്നില്ല. അതിനാൽ കേസ് അന്വേഷണം നിലച്ച അവസ്ഥയിലായിരുന്നു .എട്ടുമാസത്തോളമായി പെണ്‍കുട്ടി പാലന ആശുപത്രിയിലാണ് ജോലി ചെയ്തിരുന്നത്.
ആശുപത്രിയിലെ മുൻ ജീവനക്കാരുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് രാഷ്ട്രീയകക്ഷികൾ മാനേജ്മെന്റിനെതിരേ മാർച്ചും ധർണയും കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയിരുന്നു. മുൻ ജീവനക്കാരുടെ ആത്മഹത്യാശ്രമം ആശുപത്രി മാനേജ്മെന്റിന്റെ തലയിൽ കെട്ടിവയ്ക്കാനുള്ള ചിലരുടെ ഗൂഢനീക്കങ്ങൾ നടക്കുന്നതിനിടെയാണ് മാർച്ചും ധർണയും നടത്തിയവർക്കു പൊല്ലാപ്പായി ഇന്നലത്തെ അറസ്റ്റുണ്ടായത്.
വർഷങ്ങളായി ഷിബു പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയതായി എഎസ്പി ജി. പൂങ്കുഴലി പറഞ്ഞു. വിവാഹാഭ്യർഥന നിരസിച്ചതിന്റെ വിഷമത്തിലാണ് പെണ്‍കുട്ടി തൂങ്ങിമരിച്ചതെന്നാണ് പോലീസ് പറയുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കാമുകനെ പിടികൂടിയതെന്നു പോലീസ് പറഞ്ഞു. ബലാത്സംഗം, ആത്മഹത്യാപ്രേരണ, പട്ടികജാതിക്കാർക്കെതിരായ അതിക്രമം തടയൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ചിറ്റൂർ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്.