വിഴിഞ്ഞം: വിലകൂടിയ ചെമ്പ് പാത്രങ്ങൾ വാടകയ്ക്കെടുത്തശേഷം വിൽപ്പന നടത്തി മുങ്ങുന്ന യാളെ പൂവാർ പോലീസ് പിടികൂടി. തിരുപുറം പഴയകട കീഴതിൽ വീട്ടിൽ രാജേഷ് (36) ആണ് പിടിയിലായത്.പുത്തൻകടയിലെ മാതാ ഹയറിംഗ് സർവീസ് ഉടമ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.ചോദ്യം ചെയ്യലിൽ നിരവധി മോഷണക്കേസുകളിൽ ഇയാൾ ഉൾപ്പെട്ടിട്ടുള്ളതായി തെളിഞ്ഞു.
കാഞ്ഞിരംകുളം ഭാഗത്തെ നാല് കടകളിൽ നിന്നും വാടകയ്ക്കെടുത്ത സാധനങ്ങൾ വിൽപന നടത്തിയതായി രാജേഷ് പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.വാർപ്പ്, ചെമ്പ് പാത്രങ്ങൾ തുടങ്ങി വില കൂടിയ സാധനങ്ങൾ വാടകയ്ക്കെടുത്ത് മറിച്ച് വിറ്റാണ് ഇയാൾ സ്ഥിരം തട്ടിപ്പ് നടത്തി വന്നതെന്ന് പൂവാർ എസ്ഐ സുരേഷ് കുമാർ പറഞ്ഞു.
സിഐ എസ്. എം. റിയാസിന്റെ നേതൃത്വത്തിൽ എസ്ഐ സുരേഷ് കുമാർ, എഎസ്ഐമാരായ ശശിധരൻ, ശ്രീകുമാർ, ജിനു, എസ്സിപിഒ ഷൈജു, സുരേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.