കോട്ടയം: ഇതര സംസ്ഥാന തൊഴിലാളികളെ ആക്രമിച്ച കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പുതുപ്പള്ളി ചെമ്മരപ്പള്ളി ഇഞ്ചക്കാട്ടുകുന്നേൽ എസ്. കലേബ് (22), പട്ടാകുളം അഖില്‍കുമാര്‍ (26), കറുകച്ചാൽ ഉമ്പിടി തച്ചുകുളത്ത് രാഹുൽമോൻ (23) എന്നിവരെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇവർ കഴിഞ്ഞദിവസം പുതുപ്പള്ളി ഭാഗത്തു വാടകയ്ക്കു താമസിക്കുന്ന ബിഹാർ സ്വദേശികളുടെ മുറിയിൽ അതിക്രമിച്ചു കയറി ഇവരെ ചീത്തവിളിക്കുകയും, ആക്രമിക്കുകയുമായിരുന്നു. ബിഹാർ സ്വദേശിയുടെ സുഹൃത്തിനെ ഇവർ മർദ്ദിച്ചപ്പോൾ സുഹൃത്ത് അന്യസംസ്ഥാന സ്വദേശികൾ താമസിക്കുന്ന മുറിയിലേക്ക് ഓടിക്കയറുകയും ഇയാളെ പിന്തുടർന്നുവന്ന സംഘം അവിടെയുണ്ടായിരുന്ന അന്യസംസ്ഥാന സ്വദേശികളെ ആക്രമിക്കുകയുമായിരുന്നു.
ഇതിനുശേഷം അന്യസംസ്ഥാന സ്വദേശിയായ യുവാവ് ജോലി ചെയ്യുന്ന പുതുപ്പള്ളി ചാലുങ്കൽപ്പടി ഭാഗത്തു പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ ഗ്ലാസ് കല്ലുകൊണ്ട് എറിഞ്ഞുതകർക്കുകയും ചെയ്തു. കലേബിനും, അഖിലിനും ഈസ്റ്റ് സ്റ്റേഷനിൽ ക്രിമിനൽ കേസ് നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.