തൃശൂർ: ഓൾ കേരള പോലീസ് അസോസിയേഷൻ പ്രവർത്തകരാണെന്നു പറഞ്ഞു പണം പിരിക്കാനെത്തിയ മൂന്നംഗ സംഘത്തെ വെസ്റ്റ് പോലീസ് അറസ്റ്റു ചെയ്തു. പെരിന്തൽമണ്ണ ഏലംകുളം ചെമ്മലത്തൊടി വീട്ടിൽ സുനിൽകുമാർ (40), പട്ടാന്പി മരതൂർ പാരൻപറന്പത്ത് വീട്ടിൽ സുധാകരൻ (49), വഴിക്കടവ് എടക്കര ചേർപ്പുകല്ലിങ്കൽ വീട്ടിൽ സുനിൽ (42) എന്നിവരെയാണ് ഇന്നലെ ഉച്ചയോടെ പിടികൂടിയത്.
സിവിൽ സപ്ലൈസ് ഓഫീസിൽ അസോസിയേഷൻ പ്രവർത്തകരാണെന്നു പറഞ്ഞു പിരിവിനു രശീതുമായി എത്തിയപ്പോഴാണു സംഘം കുടങ്ങിയത്. സപ്ലൈ ഓഫീസർക്കു പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്നു സ്പെഷൽ ബ്രാഞ്ച് പോലീസ് വഴി വെസ്റ്റ് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ഉടൻ പോലീസെത്തി ഇവരെ ചോദ്യം ചെയ്തപ്പോഴാണു വ്യാജ രശീതുമായി പണപ്പിരിവിനിറങ്ങിയതാണെന്നു ബോധ്യമായത്. ഇവർ കൂടുതൽ തട്ടിപ്പു നടത്തിയിട്ടുണ്ടോയെന്നു പോലീസ് ചോദ്യം ചെയ്ത് വരികയാണ്.