അന്പലപ്പുഴ: മയക്കുമരുന്നു ലഹരിയിൽ സ്ഥിരമായി രാത്രി കാലങ്ങളിൽ സ്റ്റേഷനിലെത്തി അസഭ്യം പറഞ്ഞു മടങ്ങുന്ന സംഘത്തിലെ രണ്ടു പേരെ പുന്നപ്ര പോലീസ് പിടികൂടി. രണ്ടും മൂന്നും പ്രതികളായ അന്പലപ്പുഴ സ്വദേശി അഫ്സൽ(26) വയനാട് സ്വദേശി ഷിജാദ് (28) എന്നിവരെയാണ് പുന്നപ്ര പോലീസ് പിടികൂടിയത്.
ഒന്നാം പ്രതി വണ്ടാനം സ്വദേശി സാഹിർ (26) നായുള്ള തിരച്ചിൽ ഉൗർജിതമാക്കി. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം.പ്രതികൾ മൂന്നുപേരും ചേർന്ന് ഒരു ബൈക്കിൽ എത്തി പുന്നപ്ര പോലീസ് സ്റ്റേഷനിലേക്ക് ബൈക്ക് ഓടിച്ചുകയറ്റുകയും സ്റ്റേഷൻ ഡൂട്ടിയിൽ ഉണ്ടായിരുന്ന പാറാവുകാർക്ക് നേരെ അസഭ്യവർഷം ചൊരിയുകയുമായിരുന്നു.
ഇവിടെ നിന്നും രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ എസ്. ഐ.അജയമോഹനൻ, എഎസ്ഐമാരായ സിദ്ദിഖ്, അശോകൻ, ഡ്രൈവർ ഉണ്ണിക്കൃഷ്ണൻ, സിപിഒ അഫ്സൽ, എന്നിവർ ചേർന്ന് പിടികൂടുകയായിരുന്നു. ഒന്നാം പ്രതി സാഹിർ (26) രക്ഷപ്പെട്ടു. ഒന്നാം പ്രതി പട്ടികയിലുള്ള സാഹിർ കഞ്ചാവ് മാഫിയയുടെ കണ്ണിയും ഇയാളെ രണ്ടു പ്രവാശ്യം കഞ്ചാവുമായി പുന്നപ്ര പോലീസ് പിടികൂടുകയും ചെയ്തിട്ടുണ്ട്.
ഇവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം, ഐപിസി (353) സർക്കാർ ഉദ്യോഗസ്ഥന്റെ ജോലി തടസപെട്ടുത്തൽ കൈയ്യേറ്റം, ഐപിസി (34) പൊതു ലക്ഷ്യത്തെ പുരോഗമിപ്പിക്കുന്നതിൽ ഒന്നിൽ അധികം പേർ കൂടി ചെയ്ത കൃത്യങ്ങൾ എന്നിവ കുറ്റകൃത്യങ്ങൾ ചുമത്തി അറസ്റ്റ് രേഖപെടുത്തിയ പ്രതികളെ അന്പലപ്പുഴ മജിട്രേട്ട് കോടതിയിൽ ഹാജരാക്കി റിമാൻഡ്് ചെയ്തു.