വിഴിഞ്ഞം: കാപ്പാ നിയമപ്രകാരം ജയിലിലായിരുന്നഗുണ്ട ജാമ്യത്തിലിറങ്ങി സഹോദരനുമായി ചേർന്ന് അയൽവാസിയെ വെട്ടിവീഴ്ത്തി. നാട്ടുകാർ സംഘടിച്ച് ഗുണ്ടയെയും പ്രശ്നക്കാരനായ അനുജനെയും വെട്ടി.
പരിക്കേറ്റ മൂന്ന് പേരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.ശനിയാഴ്ച രാത്രി പത്തോടെ വിഴിഞ്ഞം കോട്ടുകാൽ പുത്തളത്തായിരുന്നു സംഭവം.
പുത്തളം അമ്പലത്തട്ട് വീട്ടിൽ രാഘുൽ രാജ്(പൊൻമാൻരാജ്-28), ഇയാളുടെ അനുജൻ ഷാഹുൽരാജ് (26) ഇവരുടെ ആക്രമണത്തിൽ പരിക്കേറ്റ പുത്തളം ഉത്രാടം വീട്ടിൽ വിധുക്കുട്ടൻ (50) എന്നിവരാണ് ചികിത്സയിൽ കഴിയുന്നത്.
ഇരുപത്തിരണ്ടോളം കേസിലെ പ്രതിയായ രാഘുൽ രാജ് കാഞ്ഞിരംകുളം പോലീസ് സ്റ്റേഷൽ ഗുണ്ടാലിസ്റ്റിൽപ്പെട്ട ആളാണ്.
ഗുണ്ടാ നിയമപ്രകാരം ജയിലിൽ ആയിരുന്ന ഇയാൾ കഴിഞ്ഞ മാസമാണ് ജാമ്യത്തിലിറങ്ങിയത്.
2020ൽ സിനിമാ നടൻ സൂര്യയുടെ ഫ്ലക്സ് ബോർഡ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് വിധുക്കുട്ടന്റെ മകൻ അനന്ദുവിനെ രാഘുൽ രാജും സംഘവും ആക്രമിച്ചിരുന്നു.
ഇവരുടെ അനുവാദമില്ലാതെ ഫ്ലക്സ് സ്ഥാപിച്ചെന്നാരോപിച്ചായിരുന്നു അന്നത്തെ സംഘർഷം.കഴിഞ്ഞ ദിവസം രാത്രിയിൽ മദ്യപിച്ച് പ്രശ്നമുണ്ടാക്കിയ സംഘത്തെ ചോദ്യം ചെയ്ത വിധുക്കുട്ടനെ വാളുകൊണ്ട് വെട്ടിവീഴ്ത്തി.
തലക്ക് ഗുരുതരമായി പരിക്കേറ്റ വിധുക്കുട്ടനെ നാട്ടുകാർ ആശുപത്രിയിലാക്കി.തുടർന്ന് സംഘടിച്ചെത്തിയ നാട്ടുകാർ നിരന്തരം ശല്യക്കാരായ രാഹുൽ രാജിനും ഷാഹുൽ രാജിനുമെതിരെ തിരിഞ്ഞു.
ആക്രമണത്തിൽ പരിക്കേറ്റ ഇരുവരെയും കാഞ്ഞിരംകുളം പോലീസ് എത്തി ആശുപത്രിക്ക് മാറ്റി. സംഘർഷത്തെ തുടർന്ന് നാട്ടുകാരായ ചിലരെയും പോലീസ് കസ്റ്റഡിയിലെടുത്തു.