തിരുവല്ല: കൈക്കൂലികേസില്‍ ഇന്നലെ വിജിലന്‍സ് അറസ്റ്റു ചെയ്ത കടപ്ര പഞ്ചായത്തിലെ സീനിയര്‍ ക്ലര്‍ക്ക് പ്രദീപ് കുമാറിനെതിരേ മുമ്പും പരാതികള്‍.
കഴിഞ്ഞ മൂന്നുവര്‍ഷമായി കടപ്ര പഞ്ചായത്ത് ഓഫീസില്‍ ജോലി നോക്കുന്ന ഇയാള്‍ക്കെതിരെ കൈക്കൂലിയുമായി ബന്ധപ്പെട്ട പരാതികളാണ് നേരത്തെയും ഉയര്ന്നിരുന്നിരുന്നത്.
കെട്ടിട നികുതി വിഭാഗത്തിലായിരുന്ന സീനിയര്‍ ക്ലര്‍ക്കായി പ്രദീപ് പ്രവര്‍ത്തിച്ചിരുന്നത്. തകഴി സ്വദേശിയാണ്,ഇന്നലെ രാവിലെ 10ഓടെ പത്തനംതിട്ട വിജിലന്‍സ് ഡിവൈഎസ പി ഹരി വിദ്യാധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.
വളഞ്ഞവട്ടം സ്വദേശിനി നല്കിയ പരാതിയിലാണ് നടപടി. ഒരു മാസം മുമ്പ് മറ്റൊരാളില്‍ നിന്നും വാങ്ങിയ ഭൂമിയില്‍ നില നിലനിന്നിരുന്ന കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം സ്വന്തം പേരിലേക്ക് മാറ്റുന്നതിനായാണ് പരാതിക്കാരി പ്രദീപ് കുമാറിനെ സമീപിച്ചത്.
ഉടമസ്ഥാവകാശം മാറ്റി നല്‍കുന്നതിനായി 40000 രൂപയാണ് ഉദ്യോഗസ്ഥന് ആവശ്യപ്പെട്ടത്. അവസാനം 25000 രൂപ നല്‍കാമെന്ന് ധാരണയായി.
ഇതിന് പ്രകാരം കഴിഞ്ഞ എട്ടിന് പൊടിയാടി ജംഗ്ഷന് സമീപം ഓട്ടോ റിക്ഷയില്‍ വെച്ച് ആദ്യ ഗഡുവായ10000 രൂപ പരാതിക്കാരി പ്രദിപിന് കൈമാറി.
രണ്ടാം ഗഡുവായ 15000 രൂപയ്ക്കായി ഉദ്യോഗസ്ഥന് നിരന്തരമായി പരാതിക്കാരിയെ ഫോണില്‍ വിളിച്ച് ശല്യം ചെയ്തിരുന്നു.
രണ്ടാം ഗഡു നല്കാൻ
ഓഫീസിലെ മറ്റ് ഉദ്യോഗസ്ഥര്‍ക്ക് കൂടി നല്‍കാനുള്ള തുകയാണെന്നും അത് കൂടി നല്‍കിയാലേ ഉടമസ്ഥാവകാശം മാറ്റി നല്‍കാനാകൂ എന്ന് പ്രദീപ് കുമാര്‍ പരാതിക്കാരിയോട് പറഞ്ഞു.
ഇതേ തുടര്‍ന്നാണ് പരാതിക്കാരി വിജിലന്‍സിനെ സമീപിച്ചത്. രണ്ടാം ഗഡു നല്‍കാനായി പ്രദീപ് കുമാറിനോട് പൊടിയാടിയില്‍ എത്താന്‍ ആവശ്യപ്പെട്ടു.
തുടര്‍ന്ന് പരാതിക്കാരിയെത്തിയ കാറില്‍ പൊടിയാടിയില്‍ നിന്നും പ്രദിപിനെ കയറ്റി. ഫിനോഫ്തലിന്‍ പുരട്ടിയ പണവും വിജിലന്‍സ് പരാതിക്കാരിക്ക് നല്‍കിയിരുന്നു.
കടപ്രയിലേക്ക് പോകും വഴി പുളിക്കീഴ് പാലത്തിന് സമീപം കാര്‍ നിര്‍ത്തി. വിജിലന്‍സ് നല്കിയ ഫിനോഫ്തലിന്‍ പുരട്ടിയ പണം കൈമാറുന്നതിനിടെ കാറിനെ പിന്തുടര്ന്നിരുന്ന വിജിലന്‍സ് സംഘം പണമടക്കം പ്രദീപിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
തുടര്‍ന്ന് പഞ്ചായത്ത് ഓഫീസില്‍ എത്തിച്ച പ്രദീപിന്റെ കൈകള്‍ രാസ പരിശോധനയ്ക്ക് വിധേയമാക്കി. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി. പ്രദീപ് കുമാര്‍ കൈകാര്യം ചെയ്തിരുന്ന സെക്ഷനിലെ ഫയലുകളടക്കം സംഘം പരിശോധിച്ചു.
പ്രദീപ് കുമാറിനെ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി. വകുപ്പുതല നടപടി ഇന്നുണ്ടാകും. പഞ്ചായത്ത് സെക്രട്ടറി ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് ഇന്നലെ തന്നെ റിപ്പോര്‍ട്ട് കൈമാറി. വിജിലന്‍സ് റിപ്പോര്‍ട്ടും പഞ്ചായത്ത് വകുപ്പിനു നല്‍കിയിട്ടുണ്ട്.