കൊച്ചി: പതിനാലുകാരന്റെ കണ്ണിൽ മുളകുപൊടി വിതറുകയും മർദിക്കുകയും ചെയ്ത കേസിൽ ഒളിവിലായിരുന്ന യുവാവ് അറസ്റ്റിൽ. കുട്ടിയുടെ അമ്മയുടെ കാമുകൻ കൂടിയായ തൃശൂർ ചാവക്കാട് ആരിപ്പിള്ളിൽ പ്രദീപ് (34) ആണു പാലാരിവട്ടം പോലീസിന്റെ പിടിയിലായത്. വൈറ്റിലയിൽ തട്ടുകട നടത്തുന്ന ഇയാൾ രണ്ടു വർഷത്തോളമായി കൊച്ചി ചളിക്കവട്ടത്താണു താമസം. ഇന്നലെ പുലർച്ചയോടെയാണ് പ്രദീപ് പോലീസിന്റെ പിടിയിലായത്.
ഭർത്താവ് മരിച്ചശേഷം പ്രദീപിനൊപ്പമായിരുന്നു പീഡനത്തിനിരയായ കുട്ടിയുടെ അമ്മ താമസിച്ചിരുന്നത്. കഴിഞ്ഞ രണ്ടിനു ക്ഷേത്രത്തിൽ ഉത്സവം കാണാൻ പോയിട്ട് എത്താൻ വൈകിയതിനു ചട്ടുകം, സൈക്കിളിനു കാറ്റു നിറയ്ക്കുന്ന പന്പ്, കുട തുടങ്ങിയവ ഉപയോഗിച്ചു കുട്ടിയെ പ്രദീപ് മർദിച്ചെന്നാണു കേസ്. വായിൽ തുണി തിരുകിയശേഷം കണ്ണിൽ മുളകുപൊടി വിതറിയെന്നും കുട്ടിയുടെ മൊഴിയിൽ പറയുന്നു.
മദ്യപാനിയായ പ്രദീപ് കുട്ടിയെ സ്ഥിരമായി മർദിച്ചിരുന്നതായി പോലീസ് പറഞ്ഞു. കുട്ടിയുടെ മുത്തശി അറിയിച്ചതിനെത്തുടർന്നു ചൈൽഡ് ലൈൻ പ്രവർത്തകർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ ചികിൽസയ്ക്കുശേഷം പള്ളുരുത്തി ഡോണ്‍ ബോസ്കോ സ്നേഹഭവനിലേക്കു മാറ്റി.