പരവൂർ : ഓട്ടോ ഡ്രൈവറെ മർദിച്ച് ഓട്ടോയുമായി ഒളിവിൽ പോയ പ്രതിയെ പോലീസ് പിടികൂടി. തേവലക്കര കോയിവിള പ്രസാദത്തിൽ പ്രിജിത്താണ് (30) പിടിയിലായത്. പോലീസ് പറയുന്നത് ഇങ്ങനെ പാചക തൊഴിലാളിയായ പ്രിജിത്ത് കഴിഞ്ഞ മേയ് 20 നു കൊല്ലത്ത് നിന്നും പരിചയക്കാരനായ ചന്ദ്രൻപിള്ളയുടെ ഓട്ടോയിൽ പരവൂരിൽ സുഹൃത്തിനെ കാണാൻ എത്തിയിരുന്നു.
മൂവരും പരവൂരിലെ പ്രജിത്തിന്റെ സുഹൃത്തിന്റെ വീട്ടിലിരുന്ന് മദ്യപിച്ചു. വീണ്ടും മദ്യപിക്കുന്നതിനായി ഇവർ നഗരത്തിലെ ബാറിലെത്തി. ശേഷം മദ്യപിച്ച് ബോധരഹിതനായ ചന്ദ്രൻപിള്ളയെ വഴിയിൽ ഉപേക്ഷിച്ച ശേഷം ഓട്ടോയുമായി പ്രിജിത്ത് കടന്നു കളഞ്ഞു. തുടർന്ന് ഓട്ടോയുടെ ഉടമ വാഹനം കാണാനില്ലെന്ന് പോലീസിൽ പരാതി നൽകി.
പോലീസ് നടത്തിയ അന്വേഷണത്തിൽ അപകടത്തിൽ തകർന്ന നിലയിൽ മടത്തറയിൽ ഓട്ടോ കണ്ടെത്തി. ഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഓട്ടോ കടത്തിക്കൊണ്ടുപോയത് പ്രിജിത്താണെന്നു തിരിച്ചറിഞ്ഞു. അന്വേഷണത്തിനിടെ കൊല്ലം കലക്ടറേറ്റ് സമീപത്ത് നിന്നും പ്രതിയെ പിടികൂടി. പീഡനം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.