പാറശാല: അമരവിള ചെക്ക് പോസ്റ്റില്‍ കൈത്തോക്കുമായി എക്സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടിയ പ്രവീണ്‍ (25 ) തിരുവനന്തപുരത്ത് എത്തിയത് കൊലപാതകത്തിനെന്ന് പോലീസ്.ആദ്യ ചോദ്യം ചെയ്യലില്‍ ഒളിവില്‍ താമസിക്കുവാന്‍ എത്തിയതാണെന്ന് പറഞ്ഞുവെങ്കിലും നെയ്യാറ്റിന്‍കര ഡിവൈഎസ്പി ബി. ഹരികുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് കൊലപാതകം ലക്ഷ്യമിട്ടാണ് പ്രവീൺ തിരുവനന്തപുരത്ത് എത്തിയത് എന്ന് അറിഞ്ഞത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ.
തമിഴ്നാട്ടിലെ തിരുനെല്‍വേലി ജില്ലയില്‍ കഴിഞ്ഞ കുറച്ച് നാളുകളായി രണ്ട് സമുദായങ്ങള്‍ തമ്മില്‍ നടന്നുവരുന്ന സംഘര്‍ഷങ്ങളുടെ ഭാഗമായി തിരുവനന്തപുരത്ത് താമസിച്ച് വരുന്ന വ്യക്തിയെ കൊലപ്പെടുത്തുവാന്‍ എത്തുന്ന സമയത്താണ് ഇയാള്‍ പിടിയിലായത് . പിടിയലായ പ്രവീണ്‍ ഒരു സമുദായത്തിന് വേണ്ടി കൊലപാതകങ്ങള്‍ നടത്തിയ ക്രിമിനലാണ്. സമുദായ നേതാവായ റോക്കറ്റ് രാജയുടെ ഗുണ്ടാസംഘത്തിലെ അംഗമാണ് പ്രവീണ്‍. ഈ സംഘത്തിലെ അംഗങ്ങളെ തിരിച്ചറിയുന്നതിനായി ഇവരുടെ കൈകളില്‍ ആര്‍ആര്‍ ബ്രദേഴ്സ് എന്ന് പച്ച കുത്തിയിരിക്കും.
കഴിഞ്ഞ വര്‍ഷം ഇവരുടെ സമുദായത്തില്‍പെട്ട ഒരു നോതാവിനെ എതിര് സമുദായത്തിലെ അംഗങ്ങള്‍ കൊലപ്പെടുത്തിയിരുന്നു. ഈ കൊലപാതകത്തിന് നേതൃത്വം നല്‍കിയത് എസ്റ്റേറ്റ് മണി, രാജ്കുമാര് എന്നിവരായിരുന്നു .കൊലപാതകത്തിന് പകരം വീട്ടുന്നതിനായി രാജ് കുമാറിനെ കൊലപ്പെടുത്തുവാനായി ശ്രമിച്ചുവെങ്കിലും അത് പരാജയപ്പെട്ടു . ഇതിനെ തുടര്‍ന്ന് എസ്റ്റേറ്റ് മണിയും രാജ്കുമാറും തമിഴ്നാട്ടില്‍ നിന്ന് രക്ഷപ്പെട്ട് കേരളത്തിലേക്ക് കടന്നിരുന്നു.
ഇവര്‍ തിരുവനന്തപുരത്ത് ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവരെ കൊലപ്പെടുത്തുന്നതിനായി റോക്കറ്റ് രാജുവിന്റെ സംഘത്തില്‍പ്പെട്ട അരുള്‍, ജേക്കബ്, ജയകുമാര്‍, മദന്‍, പ്രവീണ്‍ എന്നിവര്‍ തിരുവനന്തപുരത്തേക്ക് വരുകയായിരുന്നു. തോക്ക് കൈവശം ഉള്ളതിനാല്‍ ചെക്ക്പോസ്റ്റില്‍ പിടിക്കുവാന്‍ സാധ്യതയുള്ളതിനാല്‍ പ്രവീണും ആന്റണിയും ബസില്‍ സഞ്ചരിക്കുകയായിരുന്നു.
നാഗര്‍കോവില്‍ വരെ കാറില്‍ എത്തിയ സംഘത്തില്‍ നിന്ന് പ്രവീണും ആന്റണിയും റിവോള്‍വറില്‍ തിരകള്‍ നിറച്ചശേഷം ബസില്‍ വരുകയായിരുന്നു. നാഗര്‍കോവിലില്‍ വച്ച് എസ്റ്റേറ്റ് മണി ഉള്ള സ്ഥലത്തെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ച ശേഷമാണ് തോക്കില്‍ തിരകള്‍ നിറച്ചത്.നേരെ എത്തി കൊലപാതകം നടത്തിയ ശേഷം ഉടന്‍ തന്നെ തിരികെ പോവുകയായിരുന്നു ലക്ഷ്യം. മറ്റുള്ള സംഘാംഗങ്ങള്‍ ബസിന് പുറകേ കാറില്‍ വരുകയായിരുന്നു .
ചെക്ക്പോസ്റ്റില്‍ പ്രവീണ്‍ പിടിക്കപ്പെട്ടതോടെ കൂടെ യാത്ര ചെയ്തിരുന്ന ആന്റണി രക്ഷപ്പെടുകയും മറ്റ് സംഘാംഗങ്ങള്‍ക്ക് വിവരം കൈമാറുകയും ചെയ്യുകയായിരുന്നു .ഇതിനെ തുടര്‍ന്ന് ഇവര്‍ തമിഴ്നാട്ടിലേക്ക് മടങ്ങിപോയി. പോലീസ് സൈബര്‍ വിഭാഗത്തിന്റെ സഹായത്തോടെ അന്വേഷണം നടത്തിയെങ്കിലും ആ സമയം സംഘാംഗങ്ങള്‍ തിരുനെല്‍വേലിയിലെ രാധാപുരം മേഖല വഴി സഞ്ചരിക്കുകയായിരുന്നു.
അമരവിള എക്സൈസ് സംഘത്തിന്റെ പരിശോധനയില്‍ പ്രവീണ്‍ പിടിക്കപ്പെട്ടതോടെ സിനിമയെ വെല്ലുന്ന രീതിയില്‍ ആസൂത്രണം ചെയ്ത കൊലപാതകം ശ്രമം തകരുകയായിരുന്നു . കൈത്തോക്കുമായി പിടിയിലായ പ്രവീണിനെ മജിസ്ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.