കൊച്ചി: അനധികൃത സ്വത്ത് സന്പാദനക്കേസിൽ സെൻട്രൽ എക്സൈസ് സൂപ്രണ്ടിന് ഒരു വർഷം തടവും 32 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കൊച്ചിയിൽ സെൻട്രൽ എക്സൈസ് സൂപ്രണ്ടായിരുന്ന പി.ടി. തോമസിനെയാണ് എറണാകുളം പ്രത്യേക സിബിഐ കോടതി ശിക്ഷിച്ചത്.
1996 മുതൽ 2000 വരെ കൊച്ചിയിൽ സെൻട്രൽ എക്സൈസ് ഇൻസ്പെക്ടറായിരിക്കെ 19.48 ലക്ഷം രൂപയുടെ അനധികൃത സ്വത്ത് സന്പാദനം നടത്തിയെന്നാണ് ആരോപണം. ഇത്തരത്തിൽ നേടിയ പണം സ്വന്തം പേരിലും ഭാര്യയുടെ പേരിലും നിക്ഷേപിച്ചതായാണ് സിബിഐ കണ്ടെത്തിയത്.
ഭാര്യ മരണപ്പെട്ടതിനാൽ ഇവർക്കെതിരായ കേസിലെ നടപടികൾ നേരത്തെതന്നെ അവസാനിപ്പിച്ചിരുന്നു. അഴിമതി നിരോധനനിയമത്തിലെ വിവിധ വകുപ്പുകൾ ചുമത്തിയാണ് സിബിഐ കൊച്ചി യൂണിറ്റ് കേസ് എടുത്തിരുന്നത്.