കണ്ണൂര്‍: ഡിസിസി ജനറല്‍ സെക്രട്ടറി രാജീവന് എളയാവൂരിനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ.
പള്ളിക്കുന്ന് കാനത്തൂർ ക്ഷേത്രത്തിനു സമീപത്തെ പി.വി. രാജീവനെ( 55)ആണ് കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്.
കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. രാജീവന് എളയാവൂരിന്റെ അയൽവാസിയാണ് അറസ്റ്റിലായയാൾ.
ഞായറാഴ്ച രാവിലെ വീടിന് സമീപം വച്ചാണ് രാജീവന് എളയാവൂരിന്റെ തലയ്ക്ക് കൊടുവാൾ കൊണ്ട് വെട്ടേറ്റത്. താമസസ്ഥലത്തിനു സമീപത്തെ ഒരു വീട് കേന്ദ്രീകരിച്ച് മദ്യപസംഘത്തിന്റെ സ്വൈരവിഹാരം ശല്യമായി മാറിയതിനെ തുടർന്ന് രാജീവന് എളയാവൂര് ടൗൺ പോലീസില്‍ പരാതി നല്‍കിയിരുന്നു.
കഴിഞ്ഞ ദിവസം രാവിലെ ടൗണ്‍ സിഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തുകയും മൂന്നു പേരെ കസ്റ്റഡയിലെടുക്കുകയും ചെയ്തിരുന്നു. ഇതിനുള്ള വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്.