ചാവക്കാട്: തിരുവത്രയിൽ പത്തുവയസുകാരിയെ ചൂടുവെള്ളമൊഴിച്ചു പൊള്ളിച്ച സംഭവത്തിൽ ദന്പതികളെ ചാവക്കാട് പോലീസ് അറസ്റ്റു ചെയ്തു. തിരുവത്ര ക്വാർട്ടേഴ്സിലെ താമസക്കാരായ ഹാജ്യാരകത്ത് റഫീഖ്(37), ഭാര്യ റെയ്ഹാനത്ത് (31) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് മൂന്നോടെയാണു ക്വാർട്ടേഴ്സിൽതന്നെ താമസിക്കുന്നയാളുടെ മകളെ ഇവർ ചൂടുവെള്ളമൊഴിച്ചു പൊള്ളിച്ചത്. പൊള്ളലേറ്റ കുട്ടിയും മറ്റു രണ്ടു കുട്ടികളും ചേർന്നു റഫീഖും കുടുംബവും താമസിക്കുന്ന മുറിയുടെ വാതിൽക്കൽ ഇരുന്നു കളിക്കുകയായിരുന്നു.
കുട്ടികൾ തങ്ങളുടെ മുറിയുടെ വാതിലിനു പുറത്തിരുന്ന് കളിക്കുന്നത് കണ്ട് ക്ഷുഭിതരായ ഇവർ കുട്ടികളുടെ ദേഹത്തേക്കു ചൂടുവെള്ളം ഒഴിച്ചെന്നാണു കേസ്. മുഖത്ത് ചൂടുവെള്ളം വീണ കുട്ടി ചികിത്സയിലാണ്. മറ്റു രണ്ടു കുട്ടികൾ ഓടിമാറിയതിനാൽ ചൂടുവെള്ളം ദേഹത്തു വീഴാതെ രക്ഷപ്പെട്ടു.