ചങ്ങനാശേരി: മത്സ്യവ്യാപാരിയെ വീടിനുമുന്പിൽ പതിയിരുന്ന് അക്രമിച്ച കേസിൽ യുവാവിനെ തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തു. മാമ്മൂട് വലിയപറന്പിൽ രാഹുൽ സുരേന്ദ്ര(21)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
മാമ്മൂട് പരിയാരത്തുമലയിൽ അരുണ്‍ രാജപ്പനാ(32)ണ് അക്രമത്തിൽ പരിക്കേറ്റത്. കഴിഞ്ഞ അഞ്ചിനു പുലർച്ചെ മൂന്നിന് മീൻ വ്യാപാരത്തിനായി വീട്ടിൽനിന്നിറങ്ങുന്പോൾ അരുണിനെ രാഹുലും സംഘവും പതിയിരുന്ന് അക്രമിക്കുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു.
പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും. തൃക്കൊടിത്താനം എസ്എച്ച്ഒ ഇ. അജീബ്, എസ്ഐ അഖിൽ ദേവൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു പ്രതിയെ അറസ്റ്റുചെയ്തത്.സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെയാണ്.
മീൻ വ്യാപാരിയായ അരുണിന്റെ കടയിലെ വിൽപനക്കാരനായിരുന്നു രാഹുൽ. രാഹുലിന്റെ പെരുമാറ്റരീതി ശരിയല്ലാത്തതിനാൽ ഇയാളെ കടയിൽനിന്നും അരുണ്‍ പറഞ്ഞുവിട്ടിരുന്നു.
ഇതിൽ രാഹുൽ കുപിതനായിരുന്നു. കഴിഞ്ഞ നാലിനു രാത്രി രാഹുലിന്റെ വീട്ടിൽ ആരോ അക്രമം നടത്തിയിരുന്നു.അരുണാണ് ഈ അക്രമത്തിനു പിന്നിലെന്നു കരുതിയാണ് രാഹുൽ അരുണിനെ ആക്രമിച്ചതെന്നാണു പോലീസ് പറയുന്നത്.
വീട്ടിൽനിന്നിറങ്ങിവന്ന അരുണിന്റെ മുഖത്തേക്ക് കുരുമുളകുപൊടി സ്പ്രേചെയ്തതിനുശേഷം കന്പിവടിക്ക് അടിക്കുകയായിരുന്നു.
അക്രമത്തിൽ അരുണിന്റെ തലയ്ക്കും കൈക്കും പരിക്കേറ്റിട്ടുണ്ട്. കൂട്ടുപ്രതികൾക്കായി പോലീസ് അന്വേഷണം നടത്തിവരുകയാണെന്നു പോലീസ് പറഞ്ഞു.