തിരുവനന്തപുരം: ഓട്ടിസം ബാധിച്ച പതിനഞ്ചുകാരനെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ഏഴു വർഷം കഠിനതടവും 50,000 രൂപ പിഴയ്ക്കും തിരുവനന്തപുരം അതിവേഗ സ്പെഷൽ കോടതി ശിക്ഷിച്ചു. നെയ്യാറ്റിൻകര കുന്നത്തുകാൽ സ്വദേശി രാജൻ (40)നെയാണ് ജഡ്ജി ആർ. ജയകൃഷ്ണൻ ശിക്ഷിച്ചത്.
പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടുതൽ ശിക്ഷ അനുഭവിക്കണം. 2016 ഫെബ്രുവരിയി 27 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അസുഖബാധിതനായ കുട്ടി ശുചിമുറിയിൽ കയറിയപ്പോൾ പ്രതി പിന്നാലെ പോയി പീഡിപ്പിക്കുകയായിരുന്നു.
മകനെ കാണാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് പ്രതി മകനെ പീഡിപ്പിക്കുന്നത് കുട്ടിയുടെ അമ്മ കണ്ടത്. അമ്മ ബഹളം വച്ചപ്പോൾ പ്രതി ഓടി രക്ഷപ്പെട്ടു. അസുഖബാധിതനായ കുട്ടിയും അമ്മയും വിസ്താര വേളയിൽ പ്രതിയ്ക്കെതിരായി മൊഴി നൽകി.
പ്രതി ഓടി രക്ഷപ്പെടുന്നതു കണ്ട നാട്ടുകാരും പ്രതിയെ കണ്ടതായി മൊഴി നൽകി. ബുദ്ധിമാന്ദ്യം സംഭവിച്ച കുട്ടിയെ പീഡിപ്പിച്ച പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്നു കോടതി വിധിന്യായത്തിൽ പറഞ്ഞു. പീഡിപ്പിക്കുന്നത് എതിർക്കാനുള്ള മാനസികനില കുട്ടിക്കില്ലെന്ന് അറിഞ്ഞിട്ടാണ് പ്രതി ഈ ഹീനകൃത്യം നടത്തിയത്.
ഈ സംഭവം ഈ കുടുബത്തിലും സമൂഹത്തിലുമുണ്ടാക്കിയ ഭീതി കൂടി പരിഗണിച്ചാണ് ശിക്ഷയെന്നും കോടതി വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി.
പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ.എസ്. വിജയ് മോഹൻ ഹാജരായി. തന്പാനൂർ എസ്ഐ ആയിരുന്ന എസ്.പി. പ്രകാശാണ് കേസ് അന്വേഷിച്ചു കുറ്റപത്രം സമർപ്പിച്ചത്. പിഴത്തുക കുട്ടിക്കു നൽക്കണമെന്നും വിധിയിൽ പറയുന്നുണ്ട്.