തൃശൂർ: അവിണിശേരിയിൽ മകന്റെ അടിയേറ്റ് അച്ഛനും അമ്മയും മരിച്ചു. അവിണിശേരി കറുത്തേടത്ത് രാമകൃഷ്ണൻ (75), ഭാര്യ തങ്കമണി എന്നിവരാണ് മരിച്ചത്. ഇരുവരെയും കൊലപ്പെടുത്തിയ മകൻ പ്രദീപിനെ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ രാത്രി ഏഴോടെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. വീട്ടിൽ മാതാപിതാക്കൾ സംസാരിച്ചിരിക്കുന്നതിനിടെ മകൻ കയറിവന്നു. മദ്യലഹരിയിലായിരുന്ന പ്രദീപ് സ്വത്ത് സംബന്ധിച്ച് മാതാപിതാക്കളുമായി തർക്കമുണ്ടായി. തുടർന്നുണ്ടായ പ്രകോപനത്തിൽ ഇയാൾ മഴു ഉപയോഗിച്ച് വയോധികരെ ആക്രമിക്കുകയായിരുന്നു.
തലയ്ക്കും കഴുത്തിനും വെട്ടേറ്റ മാതാപിതാക്കളെ ആദ്യം തൃശൂർ ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. രാത്രി തന്നെ പിതാവ് മരണത്തിന് കീഴടങ്ങി. പുലർച്ചെയാണ് മാതാവ് മരിച്ചത്.
സ്ഥിരം മദ്യപാനിയായ മകൻ മുൻപും വീട്ടിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. ഇയാളുടെ ഭാര്യയും മകളും മർദ്ദനം മൂലം സ്വന്തം വീട്ടിലേക്ക് പോയെന്ന് നാട്ടുകാർ പറയുന്നു.