തിരുവനന്തപുരം: റോഡരുകിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷ മോഷ്ടിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര, വെട്ടിക്കവല കണ്ണംകോട് സ്വദേശി രമേശിനെയാണ് (47) കന്റോൺമെന്റ്പോലീസ് പിടികൂടിയത്. കഴിഞ്ഞ 27ന് തന്പാനൂർ രാജാജി നഗറിൽ ശാലുവിന്റെ ഓട്ടോറിക്ഷ ഇയാൾ മോഷ്ടിച്ചത്.
മെക്കാനിക്കായ രമേശൻ നേരത്തെ കരമന ഭാഗത്ത് വാടകക്ക് താമസിച്ചിരുന്നു. അപകടത്തിൽ പെടുന്നതും തകരാറ് സംഭവിച്ചതുമായ ഓട്ടോകൾ കുറഞ്ഞവിലക്കെടുത്ത് അറ്റകുറ്റപ്പണി പൂർത്തിയാക്കി നൽകുകയാണ് ഇയാളുടെ രീതി.
ഇതിനിടയിലാണ് കഴിഞ്ഞ മാസം റോഡിൽ പാർക്ക് ചെയ്തിരുന്ന ശാലുവിന്റെ ഓട്ടോയുമായി കൊട്ടാരക്കരയിലേക്ക് കടന്നുകളഞ്ഞത്.
സിസി അടക്കാത്തനിനാൽ ബാങ്കുകാർ വാഹനം എടുത്തോണ്ട് പോയെന്നായിരുന്നു ശാലു ആദ്യം കരുതിയത്. ബാങ്കുമായി ബന്ധപ്പെട്ടപ്പോഴാണ് വാഹനം മോഷണം പോയതാണെന്ന വിവരം അറിയുന്നത്. തുടർന്ന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സിസിടിവി കാമറകൾ അടക്കം പരിശോധിച്ചിരുന്നു.