പേരൂർക്കട: പിതാവിനെയും മകനെയും വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ ഒരാളെ ഫോർട്ട് പോലീസ് അറസ്റ്റ് ചെയ്തു. മണക്കാട് കല്ലടിമുഖം വയൽ നികത്തിയ വീട്ടിൽ രഞ്ജിത്ത് (38) ആണ് അറസ്റ്റിലായത്.
ഫോർട്ട് സ്റ്റേഷൻ പരിധിയിൽ പഴഞ്ചിറ ദേവീക്ഷേത്രത്തിന്റെ സമീപം താമസിക്കുന്ന രാജീവ് (44), മകൻ നിരഞ്ജൻ (13) എന്നിവർക്കാണ് പരിക്കേറ്റത്.
വ്യക്തിവിരോധമായിരുന്നു ആക്രമണത്തിന് കാരണം. പഴഞ്ചിറ ക്ഷേത്രത്തിനു സമീപത്ത് വച്ച് സ്കൂട്ടറിൽ എത്തിയ രഞ്ജിത്ത് ഉൾപ്പെടുന്ന രണ്ടംഗ സംഘം വെട്ടുകത്തി ഉപയോഗിച്ച് പിതാവിനെയും മകനെയും വെട്ടിപ്പരിക്കേൽപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.
ഇത് തടഞ്ഞതിനെ തുടർന്നാണ് ഇരുവർക്കും പരിക്കേറ്റത്. ഇവർ ആശുപത്രിയിൽ ചികിത്സ തേടി. പരാതിയുടെ അടിസ്ഥാനത്തിൽ ഫോർട്ട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് രഞ്ജിത്ത് പിടിയിലായത്. ഇയാളുടെ കൂട്ടാളി ഇനി പിടിയിലാകാനുണ്ട്. അറസ്റ്റിലായ രഞ്ജിത്തിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.