മണ്ണാർക്കാട് : ഭാര്യയെ തീ കൊളുത്തിയ പ്രതിക്ക് കോടതി എട്ടുവർഷം തടവുശിക്ഷ.ഭാര്യയെ തീ കൊളുത്തിയ കേസിൽ കോഴിക്കോട് കാരപറന്പ് താനാടത്ത് ചന്പ്രകുന്നത്ത് വീട്ടിൽ രഞ്ജിത് നായർ (50) ക്കാണ് മണ്ണാർക്കാട് പ്രത്യേക ജില്ലാ കോടതി എട്ടുവർഷം തടവിന് ശിക്ഷിച്ചത്.
ഭാര്യ മണ്ണാർക്കാട് വിയ്യക്കുറുശി കല്ലമല കൊറിയൻ കോളനിയിലെ ഓമന (30)യെ തീ കൊളുത്തിയ കേസിലാണ് രജ്ഞിത്ത് നായർക്ക് ശിക്ഷ ലഭിച്ചത്.
2011 നവംബർ 11നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പ്രതി രഞ്ജിത്ത് മദ്യപിച്ചെത്തി ഭാര്യ ഓമനയുമായി വഴക്കിട്ടിരുന്നു.
ഭർത്താവിനെ പേടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഓമന ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് മരിക്കുമെന്ന് ഭീഷണിപ്പെടുത്തി.ഈ സമയം നിന്നെ ഞാൻ കത്തിക്കാമെടി എന്ന് പറഞ്ഞ് പ്രതി അടുപ്പിൽ നിന്നും ഓലക്കൊടി കത്തിച്ചെടുത്ത് ഓമനയുടെ ദേഹത്ത് തീകൊളുത്തിയെന്നാണ് കേസ്.
ദേഹത്ത് തീ പൊള്ളലേറ്റ ഓമന 2011 ഡിസംബർ മൂന്നിന് മരിച്ചു. ഒന്പതു വർഷമായി ദന്പതികളായി ജീവിച്ച ഇവർക്ക് സംഭവം നടക്കുന്ന സമയത്ത് നാലരവയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ഉണ്ട്. മണ്ണാർക്കാട് സ്പെഷൽ ജില്ലാ കോടതി ജഡ്ജ് പി.എസ്. മധു വാണു ശിക്ഷ വിധിച്ചത്.