ചങ്ങരംകുളം: പൊന്നാനി താലൂക്ക് കേന്ദ്രീകരിച്ച് കഴിഞ്ഞ ഏഴ് വർഷമായി ബൈക്കിൽ കറങ്ങി നടന്ന് സ്ത്രീകളുടെ മാല പൊട്ടിച്ച് കടന്ന് കളയുന്ന സംഘത്തിലെ പ്രധാനി പിടിയിൽ. പൊന്നാനി കാഞ്ഞിരമുക്ക് സ്വദേശി നെടുന്പുറത്ത് വീട്ടിൽ റിബിൻരാജ് (27) നെയാണ് കഴിഞ്ഞ ദിവസം പൊന്നാനി എസ്ഐ കെ.നൗഫൽ അറസ്റ്റ് ചെയ്തത്. ഇയാളെ പൊന്നാനി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പെരുന്പടപ്പ് പൊന്നാനി, ചങ്ങരംകുളം സ്റ്റേഷൻ പരിധികളിൽനിന്നായി 2013 മുതൽ 2017 വരെ ബൈക്കിലെത്തി 14 സ്ത്രീകളുടെ സ്വർണാഭരണങ്ങളാണ് റിബിൻരാജ് പൊട്ടിച്ചിട്ടുള്ളത്. ഇങ്ങനെ നാൽപത്തിയഞ്ചോളം പവൻ സ്വർണാഭരണമാണ് ഇയാൾ പൊട്ടിച്ചെടുത്തിട്ടുള്ളതെന്ന് പോലീസ് പറഞ്ഞു. പിടിച്ചുപറിക്കുന്ന ആഭരണങ്ങൾ പൊന്നാനി എടപ്പാൾ മേഖലകളിലെ ജ്വല്ലറികളിലാണ് റിബിൻരാജ് വിൽപ്പന നടത്തുന്നത്.
അവസാനമായി മാലപിടിച്ചുപറിച്ചത് ഒരുമാസം മുന്പാണ്. സ്കൂൾ അധ്യാപികയുടെ അഞ്ച് പവന്റെ സ്വർണാഭരണമാണ് കണ്ടകുറുന്പക്കാവ് ക്ഷേത്രത്തിൽ പോയിവരുന്നതിനിടയിൽ വൈകിട്ട് ഏഴു മണിക്ക് പുഴന്പ്രം ഗ്രാമം റോഡിൽവെച്ച് റിബിൻരാജ് ബൈക്കിലെത്തി പൊട്ടുച്ചുകടന്നത്. സ്വർണാഭരണങ്ങൾ വിറ്റുകിട്ടുന്നപണം ആഡംബരജീവിതം നയിക്കാനാണ് പ്രതി ഉപയോഗിക്കുന്നതെന്നും മുംബൈ പോലുള്ള നഗരങ്ങളിലെ സ്ഥിരം സന്ദർശകനാണെന്നും പോലീസ് പറഞ്ഞു. ആഴ്ചകൾക്ക് മുന്പ് ഇയാൾ പുതിയ ആഡംബരകാർ വാങ്ങിയിട്ടുണ്ട്.
റിബിൻരാജ് ഇടക്കിടെ ബൈക്കിന്റെ നന്പർ മാറ്റുന്നതായി രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ റിബിൻരാജിനെ പിന്നീട് കസ്റ്റഡയിൽ വാങ്ങി വിവിധസ്ഥലങ്ങളിൽ കൊണ്ടുപോയി തെളിവെടുപ്പ് നടത്തുമെന്നും കൂടുതൽ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നും പോലീസ് പറഞ്ഞു.
ഇയാളുടെ കൂട്ടുപ്രതിയെക്കുറിച്ച് പോലീസ് അന്വേഷിച്ചുവരികയാണ്. പോലീസുകാരായ സനോജ്, സുധാകരൻ, വിശ്വൻ എന്നിവരും എസ്ഐയോടൊപ്പം അന്വേഷണസംഘത്തിലുണ്ടായിരുന്നു. ചങ്ങരംകുളം സ്റ്റേഷൻ അതിർത്തിയിൽ സമാനമായ നിരവധി കേസുകളിൽ പ്രതിയാണ് ഇയാളെന്നും പ്രതിയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്താൽ മാത്രമെ കൂടുതൽ വിവരം ലഭിക്കൂവെന്നും ചങ്ങരംകുളം പോലീസ് പറഞു.