കരുനാഗപ്പള്ളി: കേരളത്തിലെ നിരവധി വാഹന മോഷണ കേസിലെ പ്രതി കണ്ണൂർ ജില്ലയിലെ തലശേരി കതിരൂർ റോസ് മഹൽ വീട്ടിൽ മിഷ്യേൽ (24) ആണ് പോലീസിന്റെ പിടിയിലായത്.
വാഹനമോഷണ കേസുമായി ബന്ധപ്പെട്ട് പെരുമ്പാവൂരിൽ കഴിഞ്ഞമാസം അറസ്റ്റ് ചെയ്ത പ്രതിയെ അവിടുത്തെ കോവിഡ് സെന്ററിൽ അഡ്മിറ്റ് ചെയ്തു.
അവിടെ നിന്ന് ചാടിയ പ്രതി പെരുമ്പാവൂരിൽ നിന്നും ഒരു വാഹനവും മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. തിരുവനന്തപുരത്തേക്ക് വാഹനമോടിച്ചു വന്ന പ്രതി പെട്രോൾ പമ്പുകളിൽ നിന്നും എണ്ണ നിറച്ചു പണം കൊടുക്കാതെ രക്ഷപ്പെടുകയായിരുന്നു.
തുടർന്ന് കഴിഞ്ഞ പത്തിന് പുലർച്ചെ കരുനാഗപ്പള്ളിയ്ക്ക് സമീപം വാഹനം മറിയുകയും പിന്തുടർന്നുവന്ന പോലീസുകാർ ഇയാളെ അറസ്റ്റ് ചെയ്യുകയും ആണ് ഉണ്ടായത്.
കൂടാതെ കരുനാഗപ്പള്ളി ആലുംമൂടിന് സമീപം ആലുംകടവ് സ്വദേശിയെ കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തി ഒമ്നിവാനും പണവും തട്ടിയെടുത്ത കേസിലെ പ്രധാന പ്രതിയാണ്.
പലതവണ പ്രതി പോലീസിനെ കബളിപ്പിച്ച് കടന്നുകളഞ്ഞിട്ടുണ്ട് . ഇയാളുടെ കൂടെ പെരുമ്പാവൂർ നിന്നും ചാടിയ വിനീതനായി പോലീസ് തിരച്ചിൽ ഊർജിതമാക്കി.
എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകളിലെ നിരവധി കവർച്ചകൾ നടത്തിയിട്ടുള്ളതായി അന്വേഷണ സംഘത്തിന് തെളിവ് കിട്ടിയിട്ടുണ്ട്.
കരുനാഗപ്പള്ളിയിൽ നടന്ന കവർച്ചയെ തുടർന്ന് കൊല്ലം സിറ്റി പോലസ് കമ്മീഷണർ ടി നാരായണന്റെ നിദേശാനുസരണം എസി പി ബി ഗോപകുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തി വരുകയായിരുന്നു.
അന്വേഷണ സംഘത്തിൽ എസ് എച്ച് ഒ മഞ്ജുലാൽ, എസ്ഐ മാരായ ജയശങ്കർ, അലോഷ്യസ്, ജോൺസ് രാജ്, എഎസ്ഐ ശ്രീകുമാർ, സിപി ഒ ശ്രീകാന്ത് എന്നിവരുണ്ടായിരുന്നു.