കണ്ണൂർ: നിരവധി ക്രിമിനൽക്കേസിലെ പ്രതിയായ ചിറക്കൽ സ്വദേശി കൊച്ചിയിൽ അറസ്റ്റിൽ. ചിറക്കൽ സ്വദേശി റോഷൻ (46) ആണ് അറസ്റ്റിലായത്. വധശ്രമം ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയായ റോഷൻ ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു.
ഒക്ടോബർ 22ന് തമിഴ്നാട് കല്ലക്കുറിച്ചി സ്വദേശി പി. ബാലാജിയെ ചിറയ്ക്കലിലെ വീട്ടിൽ കയറി വധിക്കാൻ ശ്രമിച്ചതിനെതിരേയാണ് റോഷനെതിരേ വളപട്ടണം പോലീസ് കേസെടുത്തത്.
ഇയാളെ കസ്റ്റഡിയിലെടുക്കാൻ ചെന്നപ്പോൾ റോഷന്റെ പിതാവ് ഡോ. ബാബു ഉമ്മൻ തോമസ് പോലീസിനുനേരേ വെടിവച്ച സംഭവവും ഉണ്ടായി. തുടർന്ന് പോലീസ് നടത്തിയ റെയ്ഡിൽ വീട്ടിൽനിന്നു രണ്ടു തോക്കുകൾ കണ്ടെത്തിയിരുന്നു. വെടിവച്ച സംഭവത്തിൽ ബാബു ഉമ്മൻ റിമാൻഡിലാണ്.
നവംബർ മൂന്നിനായിരുന്നു പ്രതിയെ തപ്പി വളപട്ടണം പോലീസ് രാത്രി 10 ഓടെ ഇയാളുടെ ചിറക്കലിലെ വീട്ടിൽ എത്തിയത്. പോലീസ് എത്തിയപ്പോൾ പിതാവ് ബാബു ഉമ്മൻ തോമസ് വെടിവയ്ക്കുകയായിരുന്നു. വധശ്രമം, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ എന്നീ കേസുകൾ ചുമത്തി പോലീസ് ബാബു ഉമ്മനെ അറസ്റ്റ് ചെയ്തിരുന്നു.