ഗാന്ധിനഗർ: രണ്ടാം ഭാര്യയുടെ ഫോട്ടോയും ആദ്യ ഭാര്യയുടെ മേൽവിലാസവും ഉപയോഗിച്ചു വ്യാജ ആധാർ കാർഡും റേഷൻ കാർഡും നിർമിച്ച പെരുന്പായിക്കാട്, സംക്രാന്തി പുത്തൻപറന്പിൽ സലീമി(54)നെ ഇന്നു കോടതിയിൽ ഹാജരാക്കും.
സംഭവത്തെക്കുറിച്ചു പോലീസ് കൂടുതൽ അന്വേഷണം നടത്തുന്നുണ്ട്. സമാനമായ രീതിയിൽ ഇയാൾ വേറെയും രേഖകൾ വ്യാജമായി തയാറാക്കിയിട്ടുണ്ടോയെന്നാണ് പോലീസ് അന്വേഷിക്കുന്നത്.
സലീമിന്റെ രണ്ടാം ഭാര്യയുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്. ആദ്യ ഭാര്യയുടെ മേൽവിലാസവും തന്റെ ഫോട്ടോയും ഉപയോഗിച്ച് ഇയാൾ റേഷൻ കാർഡും ആധാർ കാർഡും ഉണ്ടാക്കിയെന്നും ഈ സംഭവത്തിൽ ആദ്യ ഭാര്യയുടെ മക്കൾക്കും പങ്കുണ്ടെന്ന് ഗാന്ധിനഗർ പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.
ഇതിനെ തുടർന്ന് ഇയാളുടെ മകൻ തൻസീർ, മരുമകൾ മൊഹസീന, മകൾ തസ്നി എന്നിവർക്ക് എതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.
പരാതിക്കാരിയായ രണ്ടാം ഭാര്യയുടെ ഫോട്ടോ ഉപയോഗിച്ച് വ്യാജ ആധാർകാർഡും റേഷൻ കാർഡുമുണ്ടാക്കി യഥാർത്ഥ രേഖയായി ഉപയോഗിക്കുകയായിരുന്നു.
10 വർഷം മുന്പാണ് ഇയാൾ പരാതിക്കാരിയെ വിവാഹം ചെയ്യുന്നത്. അന്നു മുതൽ ആദ്യഭാര്യയിലെ മകനും മകന്റെ ഭാര്യയും മകളും ഇവരെ ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്തിരുന്നതായി പരാതിയിൽ പറയുന്നു.
ഗാന്ധിനഗർ എസ്എച്ച്ഒ ജി. ഗോപകുമാർ, എസ്ഐ കെ. ദീപക്, ജൂനിയർ എസ്ഐ എം. പ്രശാന്ത്, എഎസ്ഐ എ.കെ. അനിൽ, സീനിയർ സിപിഒ അംബിക എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.