പാലക്കാട്: പുതുപ്പരിയാരത്ത് ദന്പതികളെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒളിവിൽപ്പോയ മകനെ പോലീസ് പിടികൂടി. ഓട്ടൂർക്കാവ് പ്രതീക്ഷാനഗർ മയൂരത്തിൽ ചന്ദ്രൻ (68), ഭാര്യ ദൈവാന (54) എന്നിവരെ കൊലപ്പെടുത്തിയെന്നു കരുതുന്ന മകൻ സനലാണ് പിടിയിലായത്.
സംഭവത്തിനുശേഷം മൈസൂരിലേക്കു മുങ്ങിയ ഇയാളെ സഹോദരനെക്കൊണ്ടു വിളിച്ചുവരുത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.ഇന്നലെ രാവിലെ ഏഴോടെയാണ് കൊലപാതക വിവരം നാട്ടുകാർ അറിഞ്ഞത്. തലേന്നു രാത്രി ഒന്പതുവരെ വീട്ടിലുണ്ടായിരുന്ന മകൻ സനലിനെ കാണാതായിരുന്നു.
മൊബൈൽ ഫോണ് സ്വിച്ച് ഓഫ് ചെയ്ത നിലയിലുമായിരുന്നു. ഇന്നലെ രാത്രി പത്തുമണിയോടെ ഇയാളുടെ സഹോദരൻ സുനിൽ വിളിച്ചപ്പോൾ ഫോണിൽ കിട്ടി.
വീട്ടിൽ കള്ളന്മാർ കയറി കൊലപാതകം നടത്തിയെന്നും ചടങ്ങുകൾ നടത്താൻ എത്തണമെന്നും പറഞ്ഞതോടെ തനിക്കുനേരെ സംശയമില്ലെന്ന ഉറപ്പിലാണ് സനൽ നാട്ടിൽ തിരിച്ചെത്തിയത്. ഇന്നു രാവിലെ ഏഴരയോടെ ഓട്ടോയിലാണ് ഇയാൾ വീടിന്നു സമീപം എത്തിയത്.
അയൽക്കാരോട് സഹോദരനെ തിരക്കിയപ്പോൾ സമീപത്തെ മറ്റൊരു വീട്ടിലുണ്ടെന്ന് അറിയിച്ചു. ശേഷം ഇയാൾ അതേ ഓട്ടോയിൽ കയറി പോയി. നാട്ടുകാർ ഉടൻ വിവരം പോലീസിനെ അറിയിച്ചു. ഇയാളെ പിൻതുടരാൻ നിർദേശിച്ച പോലീസ് വൈകാതെ സ്ഥലത്തെത്തി പിടികൂടുകയായിരുന്നു.
ചെറുത്തുനിൽപ്പിനു ശ്രമിക്കാതെ കീഴടങ്ങിയ ഇയാളെ ആലത്തൂർ ഡിവൈഎസ്പി ഓഫീസിൽ ചോദ്യം ചെയ്യുകയാണ്. ദന്പതികളുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്നു സംസ്കരിക്കും.