പാലാ: കൂട്ടത്തിൽ പോരാൻ അറുപതുകാരന്റെ ആവശ്യം. നിരസിച്ചതോടെ പ്രതികാരം. പാലായിൽ റോഡിൽ പെണ്കുട്ടിയ്ക്കു തലയ്ക്കു വെട്ടേറ്റ സംഭവത്തിൽ ഒരാൾ പിടിയിൽ. പോലീസ് പ്രതിയുടെ മൊഴിയെടുത്തു ചോദ്യം ചെയ്യുന്നു.
പാലാ വെള്ളിയേപ്പളളി വലിയമലയ്ക്കൽ ടിന്റു മരിയ ജോണി(26)നാണു ഇന്നലെ പുലർച്ചെ വെട്ടേറ്റത്. സംഭവത്തിൽ കടപ്പാട്ടൂർ സ്വദേശിയായ ഓട്ടോഡ്രൈവർ സന്തോഷ് (60) പോലീസിന്റെ പിടിയിൽ. തലയ്ക്കു മാരകമായി പരിക്കേറ്റ പെണ്കുട്ടി കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
ഇന്നലെ പുലർച്ചെ അഞ്ചിനായിരുന്നു സംഭവം. എറണാകുളത്ത് പരീക്ഷയെഴുതുന്നതിനായി വീട്ടിൽ നിന്ന് ഇറങ്ങിയതായിരുന്നു ടിന്റു. വീട്ടിൽനിന്നും 150 മീറ്റർ പിന്നിട്ടപ്പോഴാണ് ആക്രമണം. മൂർച്ചയുള്ള ആയുധം കൊണ്ട് ആക്രമി ടിന്റുവിന്റെ തലയ്ക്കു വെട്ടുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.
പരിക്കേറ്റു റോഡിൽ കിടന്ന ടിന്റുവിനെ പ്രഭാത സവാരിക്കിറങ്ങിയവരാണു കണ്ടത്. തുടർന്ന് ടിന്റുവിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസും ഡോഗ് സ്ക്വാഡും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. ടിന്റു അപകടനില തരണം ചെയ്തിട്ടില്ല.
ഇന്നലെ പാല് പോലീസ് കോട്ടയം മെഡിക്കൽ കോളജിലെത്തിയെങ്കിലും ആരോഗ്യ നില മോശമായി തുടരുന്നതിനാൽ ടിന്റുവിന്റെ മൊഴിയെടുക്കാനായിട്ടില്ല. തുടർന്ന് ടിന്റുവിന്റെ മാതാവിന്റെ മൊഴിയെടുത്തു.ടിന്റുവിനെ മുന്പു തന്നെ പരിചയമുണ്ടായിരുന്ന ആക്രമി കരുതിക്കൂട്ടിയാണ് കൃത്യം നടത്തിയതെന്നു പോലീസ് സംശയിക്കുന്നു.
പുലർച്ചെ ഇയാൾ ടിന്റുവിന്റെ വീടിനു സമീപത്ത് കാത്ത് കിടന്നതിനു ശേഷം അക്രമിച്ചതായാണ് അനുമാനിക്കുന്നത്. ടിന്റുവിന്റെ മൊഴിയെടുത്താൽ മാത്രമാണ് മുന്പും ഇയാളുടെ ശല്യം ഉണ്ടായിട്ടുണ്ടോ എന്നറിയാൻ സാധിക്കു. ടിന്റു അപകട നില തരണം ചെയ്തു സംസാരിക്കാൻ തുടങ്ങിയതിനു ശേഷം മൊഴിയെടുക്കുന്നതോടെ കേസിന്റെ സത്യാവസ്ഥ പുറത്തുവരും.
ടിന്റുവിന്റെ അമ്മ മോളിക്കുട്ടി നൽകിയ പരാതിയെത്തുടർന്നാണ് പാലാ പോലീസ് കേസ് എടുത്തിരിക്കുന്നത്. അമ്മയും രണ്ടു സഹോദരിമാരുമൊത്ത് വെള്ളിയേപ്പള്ളിയിൽ വാടകയ്ക്കു താമസിക്കുകയാണ് ടിന്റു. ഏറ്റുമാനൂർ സ്വദേശികളാണ് ഇവർ. സമീപ കാലത്താണ് വെള്ളിയേപ്പള്ളിയിൽ വാടകയ്ക്കു താമസിക്കാനെത്തിയത്. ടിന്റുവിന്റെ പിതാവ് ജീവിച്ചിരിപ്പില്ല.