ഗൂഡല്ലൂർ: നാലര വയസുകാരിയെ കുടിവെള്ള ടാങ്കിൽ മുക്കിക്കൊന്ന കേസിൽ മാതാവ് അറസ്റ്റിൽ. കോത്തഗിരി കൈകാട്ടി സ്വദേശി പരേതനായ പ്രഭാകരന്റെ മകൾ ശ്രീഹർഷിണിയെ കൊലപ്പെടുത്തിയ കേസിലാണ് കുട്ടിയുടെ മാതാവ് സരിത (32)യെ പോലീസ് അറസ്റ്റു ചെയ്തത്. കോയന്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്.
തുടർന്ന് പോലീസ് സരിതയെ ചോദ്യം ചെയ്തപ്പോൾ പരസ്പര വിരുദ്ധമായ മറുപടിയാണ് ലഭിച്ചത്. ഇതേത്തുടർന്ന് പോലീസിന് വിശദമായി ചോദ്യം ചെയ്തപ്പോൾ സരിത കുറ്റം സമ്മതിക്കുകയായിരുന്നു. ഭർത്താവിനെ ചികിത്സിച്ച വകയിൽ രണ്ട് ലക്ഷം രൂപ കടം ഉണ്ടെന്നും കടം വീട്ടണമെങ്കിൽ ജോലിക്ക് പോകണമെന്നും കുട്ടിയെ വീട്ടിൽ തനിച്ചാക്കി ജോലിക്ക് പോകാൻ പറ്റുന്നില്ലെന്നും ഇതാണ് കുട്ടിയെ കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നും ഇവർ മൊഴി നൽകി.
സംഭവ ദിവസം രാത്രിയിൽ മക്കളായ ശ്രീഹർഷിണിയും, സുഭാഷിണിയും ഒരു മുറിയിലാണ് കിടന്നുറങ്ങിയിരുന്നത്. തൊട്ടടുത്ത മുറിയിലാണ് സരിത ഉറങ്ങിയിരുന്നത്. രാത്രി ഒന്നരക്ക് ശ്രീഹർഷിണിയെ വീടിന് സീപത്തെ കുടിവെള്ള ടാങ്കിൽ മുക്കികൊല്ലുകയായിരുന്നുവെന്ന് പോലീസ പറഞ്ഞു.
സിഐ ബാലസുന്ദരം, സ്പെഷൽ സ്ക്വാഡ് സംഘത്തിൽപ്പെട്ട ഗോപിനാഥ്, തന്പിദുരൈ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോത്തഗിരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജഡ്ജി ശ്രീധർ റിമാൻഡ് ചെയ്തു. ചെന്നൈ സ്വദേശി ബിജുവിന്റെ ഉടമസ്ഥതയിലുള്ള ബംഗ്ലാവിലാണ് സരിതയും കുട്ടികളും താമസിക്കുന്നത്. സരിതയുടെ ഭർത്താവ് ചെന്നൈയിൽ സ്വകാര്യ കന്പനിയിൽ ജോലി ചെയ്യുന്നതിനിടെ അസുഖം ബാധിച്ച് മരിച്ചു.