കൊച്ചി: എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ഒന്പതാം നന്പർ കോടതി മുറിയിലെ പ്രതിക്കൂട്ടിൽ നിന്നും ഓടി രക്ഷപ്പെട്ട ശേഷം ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. തൃക്കാക്കര മുണ്ടംപാലം അൻസില മനസിലിൽ ആസിഫ് സുലൈമാൻ (26) ആണ് കോടതി മുറിയിൽ നിന്ന് ഓടിപ്പോകുകയും പിന്നീട് പിടികൂടി വീണ്ടും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തത്.
2013 ഫെബ്രുവരിയിൽ പാടിവട്ടം അഞ്ചുമന റോഡിലുള്ള സ്കൂട്ടർ ഗ്യാരേജിൽ നിന്നും മോട്ടോർ സൈക്കിൾ മോഷ്ടിച്ച ശേഷം പൊളിച്ചെടുത്ത് പാർട്സുകളായി വിൽപ്പന നടത്തിയ സംഭവത്തിൽ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ ഒന്നാം പ്രതിയായിരിന്നു ആസിഫ്. ഈ കേസിലെ വിചാരണ നടപടികൾക്ക് പലവട്ടം സമൻസ് ഉത്തരവായിട്ടും ഹാജരാകാതിരുന്ന ആസിഫിനെതിരെ മജിസ്ട്രേറ്റ് കോടതിയിൽ നിന്നും വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
തുടർന്ന് ഈമാസം മൂന്നിന് അഭിഭാഷകനോടൊപ്പം കോടതിയിൽ ഹാജരായ ആസിഫിനെ, മജിസ്ട്രേറ്റ് റിമാൻഡ് ചെയ്യാനുള്ള നടപടികളെടുക്കവെ പ്രതിക്കൂട്ടിൽ നിന്നും ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. കോടതി അധികൃതരുടെ പരാതിപ്രകാരം എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ ആസിഫിന് എതിരെ കേസ് രജിസ്റ്റർ ചെയ്തു.
ഒളിവിൽ കഴിഞ്ഞുവരികയായിരുന്ന പ്രതിയെ കണ്ടെത്തുന്നതിന് വ്യാപകമായ അന്വേഷണം നടത്തി വരുന്നതിനിടെ തൃക്കാക്കരയിൽ നിന്നാണ് ഇയാൾ പിടിയിലായത്. തൃക്കാക്കര ഉൾപ്പെടെയുള്ള പോലീസ് സ്റ്റേഷനുകളിൽ മയക്കുമരുന്ന്, പിടിച്ചുപറി കേസുകളിലും ഇയാൾ പ്രതിയാണ്.
എറണാകുളം എസിപി കെ. ലാൽജിയുടെ നേതൃത്വത്തിൽ സെൻട്രൽ ഇൻസ്പെക്ടർ എസ്. വിജയശങ്കർ, എസ്ഐമാരായ വിബിൻദാസ്, കെ. സുനുമോൻ, സീനിയർ സിപിഒമാരായ അനീഷ്, രഞ്ജിത്ത്, സിപിഒമാരായ ഇഗ്നേഷ്യസ്, ഇസഹാക്ക് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.