പാലാ: പാലാ ലിസ്യൂ കാർമലെറ്റ് കോണ്വെന്റിലെ സിസ്റ്റർ അമല, ചേറ്റുതോട് എസ്എച്ച് മഠാംഗമായ സിസ്റ്റർ ജോസ് മരിയ എന്നിവരെ കൊലപ്പെടുത്തിയ കേസിലെ പ്രതി കാസർഗോഡ് മുന്നാട് കുറ്റിക്കോട്ട് മെഴുവാതട്ടുങ്കൽ സതീഷ് ബാബുവിനെ (സതീഷ് നായർ-38) മറ്റൊരു കേസിൽ അഞ്ചും ആറും വർഷം വീതം കഠിനതടവിന് ശിക്ഷിച്ചു.
ഭരണങ്ങാനം അസീസി സ്നേഹഭവനിൽ മോഷണം നടത്തുകയും അതിക്രമം കാണിക്കുകയും ചെയ്ത കേസിലാണ് സതീഷ് ബാബുവിനെ പാലാ അഡീഷണൽ ഡിസ്ട്രിക് ആൻഡ് സെഷൻസ് ജഡ്ജി കെ. കമനീസ് ശിക്ഷിച്ച് വിധി പ്രസ്താവിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. പ്രോസിക്യൂഷൻ ഭാഗത്തിനു വേണ്ടി അഡീഷണൽ ഗവ. പ്ലീഡർ വി.ജി. വേണുഗോപാൽ ഹാജരായി.
അന്നത്തെ പാലാ സി ഐ ബാബു സെബാസ്റ്റ്യനാണ് കേസ് അന്വേഷിച്ചത്. ഈ വിധി തുടർന്നു വരുന്ന കൊലപാതകക്കേസുകളിലും നിർണായകമെന്നാണ് നിയമവൃത്തങ്ങളുടെ വിലയിരുത്തൽ. ഭരണങ്ങാനം മഠത്തിൽ നിന്നും മോഷ്ടിച്ച മൊബൈൽ ഫോണാണ് പ്രതി ഉപയോഗിച്ചിരുന്നത്. പാലായിലെ മഠത്തിലെ കൊലപാതകക്കേസിന്റെ അന്വേഷണത്തിൽ പോലീസിന് കച്ചിത്തുരുന്പായതും ഈ മൊബൈൽ ഫോണാണ്.
പ്രതിയുടെ അമ്മയുടെ സിം കാർഡാണ് മോഷ്ടിച്ചെടുത്ത ഫോണിൽ ഉപയോഗിച്ചിരുന്നത്. ഇത് തെളിവുകൾ സഹിതം കോടതിയെ ബോധിപ്പിക്കാൻ പ്രോസിക്യൂഷന് സാധിച്ചു.2015 സെപ്റ്റംബർ 16 ന് അർധരാത്രിക്ക് ശേഷമാണ് പാലാ കർമലീത്താ ലിസ്യൂ മഠത്തിലെ സിസ്റ്റർ അമല (69) കൊലചെയ്യപ്പെട്ടത്.
പാലായിലെ സംഭവത്തിനു ശേഷം കവിയൂർ, കുറുപ്പന്തറ, കുറവിലങ്ങാട്, എറണാകുളം എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞ സതീഷ് ബാബു ഒടുവിൽ ഫോണ് ഉപേക്ഷിച്ച് ഉത്തരേന്ത്യയിലേക്ക് കടന്നു. പിന്നീട് കേരള പോലീസിന്റെ ആവശ്യപ്രകാരം പ്രതിയെ ഹരിദ്വാറിലെ ആശ്രമത്തിൽ നിന്ന് ഉത്തരാഖണ്ഡ് പോലീസ് പിടികൂടി കേരള പോലീസിന് കൈമാറുകയായിരുന്നു.
അന്നത്തെ പാലാ ഡിവൈഎസ്പി സുനീഷ് ബാബു, സിഐ ബാബു സെബാസ്റ്റ്യൻ, സ്ക്വാഡ് അംഗങ്ങൾ എന്നിവരുൾപ്പെട്ട അഞ്ചംഗ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്ത് കേരളത്തിലെത്തിച്ചത്.മോഷണവും റിപ്പർ മോഡലിൽ തലയ്ക്കടിച്ചുള്ള ആക്രമണവും നടത്തിയിരുന്ന ഇയാൾക്കെതിരേ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി മുപ്പതോളം കേസുകളുണ്ട്.
ചേറ്റുതോട്, ഭരണങ്ങാനം, കൂത്താട്ടുകുളം, വടകര, പൈക തുടങ്ങിയ വിവിധ മഠങ്ങൾക്കു നേരെ രാത്രിയിൽ നടന്ന ആക്രമണക്കേസുകൾ ഉൾപ്പെടെയാണ് മുപ്പതോളം കേസുകൾ. ഇതിൽ ചിലത് തെളിവുകളുടെ അഭാവത്തിൽ വെറുതെവിട്ടു. രണ്ടു കൊലപാതകക്കേസുകൾ പാലായിൽ ഉടൻ വിചാരണ നടക്കും. ഇതിൽ പാലായിലെ കൊലപാതകത്തിന്റെ കുറ്റപത്രം കഴിഞ്ഞ ദിവസം പ്രതിയെ വായിച്ചുകേൾപ്പിച്ചു.
സിസ്റ്റർ അമലയെ കൊലപ്പെടുത്തിയ കേസിൽ സതീഷ് ബാബു പിടിയിലായതോടെയാണ് വയോധികയായ മറ്റൊരു കന്യാസ്ത്രീയുടെ ദുരൂഹമരണത്തിന്റെയും ചുരുൾ അഴിഞ്ഞത്. സിസ്റ്റർ അമലയുടെ കൊലപാതകക്കേസിൽ സ്പെഷൽ പ്രോസിക്യൂട്ടറായി അഡ്വ.ജോർജ് ബോബനെ നിയമിച്ചിട്ടുണ്ട്.