കൊരട്ടി: അതിഥിത്തൊഴിലാളിയുടെ പ്രായപൂർത്തിയാവാത്ത മകളെ സുഹൃത്തിനെക്കൊണ്ടു വിവാഹം കഴിപ്പിക്കാമെന്നു വാഗ്ദാനം നൽകി പ്രലോഭിപ്പിച്ച് കൊരട്ടിയിലെ വീട്ടിൽ നിന്നും ഇറക്കിക്കൊണ്ടുപോയ വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശിനി സാത്തി ബീവി (25)യെ കൊരട്ടി സിഐ ബി.കെ. അരുണ്‍ അറസ്റ്റു ചെയ്തു. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണു കേസിനാസ്പദമായ സംഭവമുണ്ടായത്.
പെണ്‍കുട്ടിയുടെ മാതാപിതാക്കൾ ജോലിക്കു പോയ സമയം പെണ്‍കുട്ടിയുടെ ബംഗാൾ സ്വദേശിയായ സുഹൃത്തിനെ ക്കൊണ്ടു വിവാഹം കഴിപ്പിക്കാമെന്നു പ്രലോഭിപ്പിച്ചാണു പെരുന്പാവൂരിലേക്കു കൊണ്ടുപോയത്.
പരാതിയുടെ അടിസ്ഥാനത്തിൽ ചാലക്കുടി ഡിവൈഎസ്പി സി.ആർ. സന്തോഷിന്റെ നിർദേശാനുസരണം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണു കാണാതായ പെണ്‍കുട്ടിയേയും പ്രതിയേയും ശനിയാഴ്ച രാത്രി പെരുന്പാവൂരിൽ നിന്നും കണ്ടെത്തിയത്.
മൂർഷിദാബാദിലുള്ള ഭർത്താവ് അറിയാതെ പെരുന്പാവൂരിൽ ജോലി ചെയ്യുന്ന പുരുഷ സുഹൃത്തിനെ കാണാൻ വന്നതാണെന്നും, പെണ്‍കുട്ടിയേയും കൂട്ടി കോൽക്കത്തയിലേക്ക് കടക്കാനായിരുന്നു പദ്ധതിയെന്നും സാത്തി ബീവി പോലീസിനോടു സമ്മതിച്ചു.
ട്രെയിൻ മാർഗം കൊൽക്കത്തയിലേക്കു പോകുന്പോൾ പോലീസ് പരിശോധനയിൽ പിടിയിലാകാനുള്ള സാധ്യത കൂടുതലാണെന്നു മനസിലാക്കിയ പ്രതി അന്തർസംസ്ഥാന ബസുകളിലാണു പെണ്‍കുട്ടിയെ കടത്താൻ ശ്രമിച്ചത്.
നിരവധി ദീർഘദൂര സർവീസ് നടത്തുന്ന ട്രാവൽ ഏജൻസികളിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി പെണ്‍കുട്ടിയുമായി രാത്രി യാത്രക്ക് ബുക്ക് ചെയ്ത യാത്രാരേഖകൾ കണ്ടെത്തി.
തുടർന്ന് പോലീസ് മഫ്തിയിൽ ട്രാവൽ ഏജൻസി ഓഫീസിലും യാത്രക്കാരെന്ന വ്യാജേന ബസിലും കയറി രഹസ്യമായി നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ഇവരെ പിടികൂടിയത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രതി സാത്തി ബീവിക്കെതിരെ കൊൽക്കത്തയിൽ സമാനമായ കേസുകൾ ഉണ്ടോയെന്നതടക്കം കൂടുതൽ അന്വേഷണം നടത്തുമെന്ന് സിഐ ബി.കെ. അരുണ്‍ പറഞ്ഞു.
പ്രത്യേക അന്വേഷണ സംഘത്തിൽ എസ്ഐ സി.എസ്. സൂരജ്, എഎസ്ഐമാരായ എം.വി. സെബി, ജെയ്സണ്‍, സീനിയർ സിപിഒമാരായ സജിമോൻ, കെ.എം. നിതീഷ്, അശ്വതി എന്നിവരാണ് ഉണ്ടായിരുന്നത്.