തൃശൂർ: അനധികൃതമായി മദ്യം വിറ്റ കേസിൽ അറസ്റ്റിലായ പ്രതിക്കെതിരെ മാതാവിന്റെ ദൂരൂഹമരണത്തെക്കുറിച്ച് നേരത്തെ നൽകിയ പരാതിയിൽ പോലീസ് അന്വേഷണം നടത്തുന്നില്ലെന്നാരോപിച്ച് സഹോദരൻ രംഗത്തെത്തി.
അനധികൃതമായി വിദേശമദ്യം സൂക്ഷിച്ച് ഇതരസംസ്ഥാന തൊഴിലാളികൾക്കു വില്പന നടത്തിയ കേസിൽ മുണ്ടൂരിൽനിന്നും അറസ്റ്റിലായ സത്യനെതിരെയാണ് സഹോദരൻ മുണ്ടൂർ മുച്ചിരിപ്പറന്പിൽ സുധീർ ആരോപണം ഉന്നയിച്ചത്.
മാതാവിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും കൊലപാതകമാണെന്നു സംശയിക്കുന്നതായും ആരോപിച്ച്, സത്യനെതിരെ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സുധീർ സിറ്റി പോലീസ് കമ്മീഷണർക്കു പരാതി നൽകിയിരുന്നു.
കഴിഞ്ഞ മാർച്ച് 16നാണ് പരാതി നൽകിയത്. എന്നാൽ പോലീസ് ഒരന്വേഷണവും നടത്തിയില്ല.കഴിഞ്ഞദിവസം മദ്യവില് പന കേസിൽ അറസ്റ്റിലായിട്ടും ഇയാൾക്കെതിരെ പഴയ കേസ് അന്വേഷിക്കാൻ പോലീസ് തയാറാകുന്നില്ലെന്നു സുധീർ പറഞ്ഞു.
മുഖ്യമന്ത്രിക്കും ഡിജിപിക്കുമൊക്കെ പരാതി നൽകിയിട്ടും ഒരു നടപടിയുമെടുത്തിട്ടില്ല.സഹോദരൻമാർ തമ്മിലുള്ള സ്വത്തുതർക്കത്തെതുടർന്നുള്ള പരാതിയാണെന്നു ചൂണ്ടിക്കാട്ടി തള്ളുകയായിരുന്നു.
മാതാവ് മരണപ്പെട്ടതിനെതുടർന്ന് തനിക്കെതിരെ വധശ്രമം ഉൾപ്പെടെ നടത്തിയതിനാലാണ് വീടുവിട്ടു പോരേണ്ടിവന്നതെന്നും സുധീർ പറഞ്ഞു.